നീരജ് വീണ്ടും മിടുക്ക് കാണിച്ചു; വിജയത്തിൽ ഇന്ത്യ ആഹ്ലാദിക്കുന്നുവെന്ന് പ്രധാനമന്ത്രി
Friday, August 9, 2024 3:03 AM IST
ന്യൂഡൽഹി: ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീണ്ടും ഒരു ഒളിമ്പിക്സ് വിജയവുമായി നീരജ് തിരിച്ചെത്തിയതില്‍ ഇന്ത്യ ആഹ്ലാദിക്കുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. വെള്ളി നേടിയ അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ എന്നും മോദി എക്സിൽ കുറിച്ചു.
നീരജ് ചോപ്ര മികച്ച വ്യക്തിത്വമാണ്. നീരജ് വീണ്ടും തന്റെ മിടുക്ക് കാണിച്ചു. വരാനിരിക്കുന്ന എണ്ണമറ്റ അത്ലറ്റുകള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ പിന്തുടരുന്നതിന് അദ്ദേഹം പ്രചോദനമാവട്ടെ എന്നും പ്രധാനമന്ത്രി ആശംസ അറിയിച്ചു.
ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് വെള്ളി മെഡലാണ് ലഭിച്ചത്. രണ്ടാം ശ്രമത്തിൽ 89.45 മീറ്റർ ജാവലിൻ പായിച്ചാണ് നീരജ് ചോപ്ര ഇന്ത്യയ്ക്കായി വെള്ളി എറിഞ്ഞിട്ടത്.
നീരജിന്റെ ആദ്യ ശ്രമം ഫൗളായിരുന്നു. രണ്ടാം ശ്രമത്തിലാണ് നീരജ് 89. 45 മീറ്റർ ദൂരം എറിഞ്ഞത്. ഇതോടെ നീരജ് രണ്ടാം സ്വാനത്ത് എത്തി. തുടർന്നുള്ള നാല് ശ്രമങ്ങളും ഫൗളായിരുന്നു.
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണ് ജാവലിൻ ത്രോയിലൂടെ നീരജ് നേടിയത്. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ അഞ്ചാം മെഡൽ നേട്ടവുമാണ് ഇത്.
പാക്ക് താരം അർഷാദ് നദീം ഒളിമ്പിക്സ് റെക്കോഡോടെ ജാവലിൻ ത്രോയിൽ സ്വർണം സ്വന്തമാക്കി. രണ്ടാം ശ്രമത്തിൽ 92.97 മീറ്റർ ദൂരം എറിഞ്ഞാണ് പാക്ക് താരം സ്വർണം നേടിയത്.
2020 ടോക്കിയോ ഒളിന്പിക്സിൽ ജാവലിൻ ത്രോയിൽ നീരജ് ഇന്ത്യയ്ക്കായി സ്വർണം നേടിയിരുന്നു. 87.58 മീറ്റർ എറിഞ്ഞാണ് ടോക്കിയോ ഒളിന്പിക്സിൽ നീരജ് സ്വർണം സ്വന്തമാക്കിയത്.