വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു: മുഖ്യമന്ത്രി
Thursday, August 8, 2024 5:46 PM IST
തിരുവനന്തപുരം: വയനാട്ടിലെ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം പ്രധാനമന്ത്രിക്ക് വിശദമായ കത്ത് നൽകിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രം അനുകൂല നിലപാടെടുക്കുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ അനുകൂല നടപടി പ്രതീക്ഷിക്കുന്നു. സമഗ്ര പുനരധിവാസം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരും. വെള്ളിയാഴ്ച ജനകീയ തെരച്ചിൽ നടത്തും. ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന കാര്യത്തിൽ അവസാന ശ്രമമാണ്. തെരച്ചിൽ ഇപ്പോൾ അവസാനിപ്പിക്കാനല്ല തീരുമാനമെന്നും ആകാവുന്നത്ര ശ്രമം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിലേക്ക് കൂടുതൽ സാധന സാമഗ്രികൾ ശേഖരിച്ചയക്കേണ്ടതില്ല. കളക്ഷൻ സെന്ററിൽ ഏഴ് ടണ്‍ പഴകിയ തുണിയെത്തി. ഇത് സംസ്കരിക്കേണ്ടി വന്നത് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ ദൗത്യത്തിനെത്തിയ സൈന്യത്തെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. സേനയുടെ ഒരു വിഭാഗം ഇന്ന് മടങ്ങി. കാര്യക്ഷമമായ തെരച്ചിലിനുശേഷമാണ് സൈന്യത്തിന്റെ മടക്കം. ബെയ്ലി പാലം അടക്കം സൈന്യം നിർണായക ഇടപെടൽ നടത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.