ഹിന്ദു - മുസ്ലിം ഐക്യം തകർക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം; വഖഫ് ബില്ലിനെച്ചൊല്ലി ലോക്സഭയിൽ ബഹളം
Thursday, August 8, 2024 3:11 PM IST
ന്യൂഡൽഹി: വഖഫ് ബോർഡ് നിയമ ഭേദഗതി ബില്ലിൽ ലോക്സഭയിൽ ഭരണപ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോര്. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ബില്ല് അവതരിപ്പിക്കാൻ ലോക്സഭയിൽ അനുമതി തേടിയത്. ബില്ലിനെ കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, എസ്പി, എഎപി, സിപിഎം തുടങ്ങിയ എല്ലാ പ്രതിപക്ഷ പാർട്ടി അംഗങ്ങളും ശക്തമായി എതിർത്തു.
ബിൽ വിശദമായ പരിശോധനക്ക് വിധേയമാക്കണമെന്ന് എൻഡിഎ സഖ്യകക്ഷിയായ എൽജെപി ആവശ്യപ്പെട്ടു. അതേസമയം, ബിൽ മതപരമായ വിഷയത്തിലുള്ള ഇടപെടലാണെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഗുരുവായൂർ ദേവസ്വം ബോർഡിൽ മുസ്ലിംകളെ ഉൾപ്പെടുത്താറുണ്ടോയെന്നു ചോദിച്ച അദ്ദേഹം ഈ വിഭജന രാഷ്ട്രീയം ജനം അംഗീകരിക്കില്ലെന്നും ബിൽ അവതരിപ്പിക്കാനോ, പാസാക്കാനോ പാടില്ലെന്നും ആവശ്യപ്പെട്ടു.
ബില്ലിന്റെ പിന്നിൽ വൃത്തികെട്ട അജണ്ടയാണെന്ന് മുസ്ലിം ലീഗ് അംഗം ഇ.ടി. മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി. ഹിന്ദു - മുസ്ലിം ഐക്യം തകർക്കാനാണ് ശ്രമമെന്നും ഇന്ത്യയുടെ ഐക്യം തന്നെ തകർക്കുന്ന ബില്ലാണിതെന്നും സിപിഎം എംപി കെ. രാധാകൃഷണൻ പറഞ്ഞു.
മതേതരത്വത്തിന്റെ ഭാവി തകർക്കുന്ന ബില്ലാണിതെന്നും വഖഫ് ബോർഡിനെ തകർക്കുന്ന നടപടിയാണിതെന്നും എൻ.കെ. പ്രേമചന്ദ്രൻ വിമർശിച്ചു.
ചർച്ചക്കിടെ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും അമിത് ഷായും തമ്മിൽ രൂക്ഷമായ തർക്കവും സഭയിൽ നടന്നു. മുസ്ലിംകളോടുള്ള അനീതിയാണിതെന്നും വലിയൊരു തെറ്റാണു നടക്കാൻ പോകുന്നതെന്നും അതിന്റെ പരിണിതഫലം കാലങ്ങളോളം അനുഭവിക്കേണ്ടി വരുമെന്നും എസ്പി വിമർശിച്ചു. സർക്കാർ നിലപാട് ദുരൂഹമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും തൃണമൂൽ കോൺഗ്രസ് വിമർശിച്ചു.
ബിൽ ജനദ്രോഹപരമാണെന്നും ഭരണഘടനയ്ക്കും, ജനാധിപത്യത്തിനും എതിരാണെന്നുമാണ് ഡിഎംകെ നേതാവ് കനിമൊഴി അഭിപ്രായപ്പെട്ടത്. വഖഫ് ബിൽ ഭരണഘടനയുടെ 14,15,27 ഭേദഗതികളുടെ ലംഘനമാണെന്നും ഇത് വിവേചനപരവും ഏകപക്ഷീയവുമാണെന്നും അസദുദ്ദീൻ ഒവൈസി അറിയിച്ചു. അതേസമയം, ബിൽ പിൻവലിക്കുകയോ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടുകയോ ചെയ്യണമെന്ന് എൻസിപി (ശരദ് പവാർ) വിഭാഗം എംപി സുപ്രിയ സുലെ പറഞ്ഞു.
ബില്ലിനെതിരെ വലിയ പ്രചാരണം നടക്കുന്നുവെന്ന് പ്രതിപക്ഷത്തിനു മറുപടിയായി കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ബിൽ ഇതിനോടകം തന്നെ വിതരണം ചെയ്തതാണെന്നും പൊതുമധ്യത്തിൽ ബില്ലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ 25 മുതൽ 30 വരെ അനുച്ഛേദങ്ങളെ വഖഫ് ഭേദഗതി ബിൽ ബാധിക്കില്ല. മുസ്ലിം സമുദായത്തിൽ പിന്നാക്കം നിൽക്കുന്ന വനിതകളെയും കുട്ടികളെയും മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനാണ് ഈ ഭേദഗതി കൊണ്ടുവന്നത്. 1954ലാണ് വഖഫ് ബിൽ കൊണ്ടുവന്നത്. അതിന് ശേഷം ഈ ബില്ലിൽ ഒരു തരത്തിലുള്ള ഭേദഗതിയും ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇത്രയും കാലം വഖഫിനുവേണ്ടി കോൺഗ്രസ് സർക്കാരുകൾ ഒന്നും ചെയ്തിട്ടില്ല. യുപിഎ സർക്കാരിന് ചെയ്യാൻ കഴിയാത്തത് തങ്ങൾ ചെയ്യുന്നു. സാധാരണക്കാരായ മുസ്ലിം സഹോദരങ്ങൾക്കു വേണ്ടിയാണ് ഈ ഭേദഗതി. വിഷയത്തിൽ പ്രതിപക്ഷം തെറ്റിദ്ധാരണ പടർത്തുകയാണ്. ബില്ലിനെ എതിർക്കുന്നവർക്ക് ചരിത്രം മാപ്പു തരില്ല. ഇതിന്റെ പേരിൽ മതസ്വാതന്ത്യത്തിൽ കൈ കടത്തില്ലെന്നും ആരുടെയും ഒരവകാശവും കവർന്നെടുക്കുകയില്ലെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.