""അവർ സാധ്യമായതെല്ലാം ചെയ്തു''; സൈന്യത്തിന് അഭിവാദ്യമർപ്പിച്ച് മന്ത്രി റിയാസ്
Thursday, August 8, 2024 1:02 PM IST
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരമലയിലും മുണ്ടക്കൈയിലും രക്ഷാദൗത്യത്തിൽ പങ്കെടുത്ത സൈന്യത്തിന് നന്ദി പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്. ദുരന്തമുഖത്ത് ഒരു നിമിഷം പോലും വൈകാതെ എത്തിയ സൈന്യം അവര്‍ക്ക് ചെയ്യാനാവുന്നതെല്ലാം ചെയ്തെന്ന് മന്ത്രി പ്രതികരിച്ചു.
സൈനികസംഘത്തിന് യാത്രയയപ്പ് നല്‍കുന്നതിനിടെ സംസാരിക്കുകയായിരുന്നു മന്ത്രി. സൈന്യത്തിന്റെ സേവനങ്ങള്‍ വാക്കുകള്‍കൊണ്ട് വിവരിക്കാനാവുന്നതല്ല. കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തില്‍ ഒരിഞ്ചുപോലും വിട്ടുവീഴ്ചയ്ക്ക് തയാറായില്ല.
ബെയ്ലി പാലം നിര്‍മാണം അതില്‍ വളരെ പ്രധാനപ്പെട്ടതാണ്. രക്ഷാദൗത്യത്തിന് വേഗതയേകാന്‍ അത് സഹായകമായി.
സൈന്യത്തിന് ഒപ്പം നിന്നുകൊണ്ട് സര്‍ക്കാര്‍ സംവിധാനവും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ജനങ്ങളും ചേര്‍ന്ന് ഒരു മനസും ഒരു ശരീരവും പോലെ പ്രവര്‍ത്തിച്ചു.
സൈന്യത്തിന്റെ ജോലി പരിപൂര്‍ണമായി ചെയ്തുകഴിഞ്ഞു. സൈന്യത്തിന് എല്ലാ അഭിവാദ്യങ്ങളും അര്‍പ്പിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരച്ചിലിന് നേതൃത്വം നല്കിയ സൈനിക സംഘം ഇന്ന് മടങ്ങാനിരിക്കെ സര്‍ക്കാരും ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് അവർക്ക് യാത്രയയപ്പ് നൽകിയത്. ബെയ്ലി പാലം മെയിന്റനന്‍സ് സംഘവും ഹെലികോപ്റ്റര്‍ സെര്‍ച്ച് ടീമും മാത്രമാണ് ഇനി വയനാട്ടില്‍ തുടരുക.
തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, ബംഗളൂരു ബറ്റാലിയനുകളില്നിന്നായി 500 അംഗ സൈന്യമാണ് ദുരന്തമുണ്ടായതിന് തൊട്ടുപിന്നാലെ ഇവിടെയെത്തിയത്. തിരച്ചിലിനുള്ള എല്ലാ സംവിധാനങ്ങളും മറ്റ് സേനകള്‍ക്ക് ഒരുക്കി നല്‍കിക്കൊണ്ടാണ് ഇവർ മടങ്ങാൻ ഒരുങ്ങുന്നത്.