വിനേഷിന്റെ അയോഗ്യത രാജ്യസഭയിൽ; ക്ഷുഭിതനായി ചെയർമാൻ; പ്രതിപക്ഷം സഭ വിട്ടു
Thursday, August 8, 2024 12:02 PM IST
ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്സിലെ വിനേഷ് ഫോഗട്ടിന്റെ അയോഗ്യതാ വിഷയം പ്രതിപക്ഷം രാജ്യസഭയില്‍ ഉന്നയിക്കുന്നത് തടഞ്ഞ് ചെയര്മാന് ജഗദീപ് ധന്‍കര്‍. തൃണമൂൽ എംപി ഡെറിക് ഒബ്രിയാനോട് ധന്‍കര്‍ പൊട്ടിത്തെറിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭ വിട്ടു.
സിപിഐ എംപി പി.സന്തോഷ് കുമാര്‍ ആണ് സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഒറ്റ ദിവസംകൊണ്ട് വിനേഷിന്റെ ഭാരം ക്രമാതീതമായി വര്‍ധിച്ചതില്‍ വ്യക്തത വേണം. പരിശീലകന്, ഡയറ്റീഷ്യൻ, മെഡിക്കല്‍ സംഘം എന്നിങ്ങനെ എല്ലാ സംവിധാനങ്ങളും ഉള്ളപ്പോള്‍ എങ്ങനെയാണ് ഇത്തരമൊരു അപാകത സംഭവിച്ചതെന്ന് കേന്ദ്രം വിശദീകരിക്കണമെന്നുമായിരുന്നു ആവശ്യം.
എന്നാല്‍ സാധാരണ നടപടിക്രമങ്ങളുമായി സഭ മുന്നോട്ട് പോകുമെന്ന് ചെയര്മാന് അറിയിച്ചു. ഇതിനിടെ വിനേഷിന്റെ അയോഗ്യതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് അറിയാന്‍ രാജ്യത്തിന് താത്പര്യമുണ്ടെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ഇതേ തുടര്‍ന്ന് വിഷയത്തില്‍ ചര്‍ച്ച അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡെറിക് ഒബ്രിയാന് ഉള്‍പ്പെടെയുള്ളവര്‍ മുദ്രാവാക്യം വിളിച്ചത് ചെയർമാനെ പ്രകോപിപ്പിച്ചു.ചെയറിന് നേരേ ആക്രോശിക്കാന്‍ ആരാണ് അധികാരം തന്നതെന്ന് അദ്ദേഹം ചോദിച്ചു. സഭയ്ക്ക് പുറത്താക്കുമെന്നും ചെയർമാൻ ക്ഷോഭിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭ വിട്ടു.
അതേസമയം വിഷയത്തില്‍ കേന്ദ്രം സാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്ന് കേന്ദ്ര മന്ത്രി ജെ.പി.നദ്ദ രാജ്യസഭയിൽ പറഞ്ഞു. വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കരിക്കുകയാണെന്നും നദ്ദ ആരോപിച്ചു.