കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയർ പിടിയിൽ
Thursday, August 8, 2024 12:54 AM IST
റാന്നി: കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയർ അറസ്റ്റിൽ. വെച്ചൂച്ചിറ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനിയർ വിജി വിജയനാണ് പിടിയിലായത്.
ബിൽ തുക മാറി നൽകാനാണ് ഇവർ കൈക്കൂലി വാങ്ങിയത്. 37,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഇവരെ പിടികൂടിയത്.
പഞ്ചായത്തിലെ കുളം നവീകരണത്തിന് ഒമ്പതര ലക്ഷം രൂപ നേരത്തേ നൽകിയിരുന്നു. അന്നും ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നെങ്കിലും കരാറുകാരൻ നൽകിയില്ല.
തുടർന്ന് അന്തിമ ബില്ലായ 12.5 ലക്ഷം രൂപ നൽകണമെങ്കിൽ ആദ്യ ബില്ലിന്റെ കൈക്കൂലിയും ചേർത്ത് നൽകണമെന്ന് ഇവർ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കരാറുകാരൻ വിജിലൻസിനെ വിവരമറിയിച്ചത്.