അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച നാലുവയസുകാരൻ ആശുപത്രി വിട്ടു
Wednesday, August 7, 2024 11:31 PM IST
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച നാലുവയസുകാരൻ അസുഖം ഭേദമായി ആശുപത്രി വിട്ടു. അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെയാളാണിത്.
ജൂലൈ 13നാണ് കടുത്ത പനിയും തലവേദനയുമായി കോഴിക്കോട് സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിൽ കുട്ടിക്ക് മസ്തിഷ്ക ജ്വരത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ ഉണ്ടായിരുന്നു.
നട്ടെല്ലിലെ സ്രവം പരിശോധിച്ചു അമീബിക് മസ്തിഷ്ക ജ്വരമാണെന്നു പ്രാഥമികമായി സ്ഥിരീകരിച്ച ഉടൻ തന്നെ ചികിത്സ ആരംഭിച്ചു. പിസിആർ ടെസ്റ്റിൽ നൈഗ്ലേറിയ ഫൗളറി എന്ന അമീബയാണെന്ന് ഉറപ്പാക്കി രോഗം സ്ഥിരീകരിച്ചു. ചികിത്സയുടെ എട്ടാം ദിവസം സ്രവം നോർമലായി. 24 ദിവസത്തോളം ചികിത്സ തുടർന്നു.
ജൂലൈ 22ന് അമീബിക് മസ്തിഷ്ക ജ്വരം അതിജീവിച്ച ഇന്ത്യയിലെ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. തിക്കോടി സ്വദേശിയായ പതിനാലുകാരനാണ് അന്ന് രോഗത്തെ അതിജീവിച്ചത്.