മാന്നാർ കൊലപാതകം: കല എവിടെ, അനിൽ എത്തുമോ?
ഡൊമിനിക് ജോസഫ്
Wednesday, August 7, 2024 2:18 PM IST
മാന്നാര്‍: കലയുടെ കൊലപാതകം സംബന്ധിച്ച് അന്വേഷണം ഒരു മാസം പിന്നിടുമ്പോള്‍ പോലീസിനെ കുഴയ്ക്കുന്നത് കലയുടെ മൃതദേഹം കണ്ടെത്താത്തതും എല്ലാം അറിയാവുന്ന ഒന്നാം പ്രതി അനിൽ എത്താത്തതുമാണ്. ഒരു മാസത്തെ അന്വേഷണത്തിനൊടുവിൽ പുതിയ കണ്ടെത്തലുകള്‍ ഒന്നുമുണ്ടാകാത്തത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു.
15വര്‍ഷം മുമ്പ് കാണാതായ ഇരമത്തൂര്‍ പായിക്കാട്ട് മീനത്തേതില്‍ കലയെ കൊന്നു കുഴിച്ച് മൂടിയ കേസില്‍ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ ലഭിച്ചതു മാത്രമാണ് പുതിയ പുരോഗതി.
തുടക്കത്തില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പേരെ 10 ദിവസത്തോളം കസ്റ്റഡിയില്‍ ചോദ്യം ചെയ്തിട്ടും കലയുടെ മൃതദേഹം എവിടെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ ജൂലൈ രണ്ട് മുതലാണ് കേസ് സംബന്ധിച്ച അന്വേഷണം ആരംഭിക്കുന്നത്.
ജില്ലാ പൊലീസ് മേധാവിക്കും അമ്പലപ്പുഴ പോലീസിനും ലഭിച്ച ഊമക്കത്തുകളുടെ പിൻബലത്തിലാണ് അന്വേഷണം ആരംഭിച്ചത്.ഒരു മാസത്തോളം അതീവ രഹസ്യമായി ചെന്നിത്തലയിലും പരിസര പ്രദേശങ്ങളിലും പോലീസ് നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിലാണ് അഞ്ച് പേരെ കസ്റ്റഡിയിൽ എടുക്കുന്നത്.
ഇതിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ഒന്നാം പ്രതി അനിലിന്റെ വീടിനോടു ചേര്‍ന്നുള്ള കക്കൂസ് ടാങ്കില്‍ ഇട്ടെന്ന ഒരു പ്രതിയുടെ മൊഴി പ്രകാരം ഇത് തുറന്ന് പരിശോധന നടത്തി. എന്നാല്‍ ഇവിടെ നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ എന്ന് കരുതുന്നവ എടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചെങ്കിലും സ്ഥിരീകരിക്കുവാന്‍ ഇനിയും കഴിയാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു.
മൃതദേഹം എവിടെന്നറിയാതെ കേസുമായി മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് പോലീസ് സംഘം. കേസിലെ ഒന്നാം പ്രതി കലയുടെ ഭര്‍ത്താവ് അനില്‍ നാട്ടില്‍ എത്തിയാല്‍ മാത്രമേ കേസന്വേഷണം മുന്നോട്ട് കൊണ്ടു പോകുവാന്‍ കഴിയൂ. കേസനേഷണത്തിന്റെ ഭാഗമായി ഇതിനോടകം നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും മൃതദേഹം മറവ് ചെയ്തത് എവിടെയാണന്ന് അറിയില്ല.
എന്നാല്‍ ചിലര്‍ കലയെ കാറില്‍ കണ്ടതായി മൊഴി നല്‍കിയിട്ടുമുണ്ട്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന അനിലിനെ നാട്ടിലെത്തിക്കാന്‍ പോലീസിന് കടമ്പകളേറെയാണ്. ഇന്റര്‍പോളിന്റെ സഹായത്താല്‍ മാത്രമേ അനിലിനെ നാട്ടില്‍ എത്തിക്കാന്‍ കഴിയൂ. കൊലപാതകം നടന്നതായുള്ള വ്യക്തമായ തെളിവുള്‍പ്പടെ ഇന്റർ്പോളിന് കൈമാറേണ്ടതായിട്ടുണ്ട്.
ഇനിയും ഇത് കൈമാറാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ അനില്‍ നാട്ടിലെത്താനുള്ള കാലതാമസം ഏറുകയും ചെയ്യും. ഇതിനിടയില്‍ കാറിനെ ചുറ്റിപ്പറ്റിയുള്ള കൂടുതല്‍ അന്വേഷണത്തിനായി റിമാന്‍ഡില്‍ കഴിയുന്ന നാലാം പ്രതി കണ്ണമ്പള്ളില്‍ പ്രമോദിനെ(45) കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും.
കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന കെ.എല്‍ 27-8392 രജിസ്ട്രേഷനിലുള്ള വെള്ള മാരുതി ആള്‍ട്ടോകാര്‍ അന്വേഷണസംഘം കൊല്ലം, കൊട്ടിയത്തു നിന്ന് കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്നുമെത്തിയ അനിലിന് ഉപയോഗിക്കാനെന്നു പറഞ്ഞ് വാടകയ്ക്ക് എടുത്ത ഈ വാഹനത്തിൽ സഞ്ചരിച്ചാണ് ഭര്‍ത്താവായ അനില്‍ കലയെ കൊലപ്പെടുത്തിയെന്നാണ് നിഗമനം.
രണ്ടാംപ്രതിയായ പ്രമോദിന് മാന്നാര്‍ സ്വദേശിയായ മഹേഷാണ് കാര്‍ വാടയ്ക്ക് കൊടുത്തതെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമോദിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കുന്നത്. പ്രതിയായ പ്രമോദിനെ നേരത്തെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ കാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.
മാന്നാറിലും പരിസരത്തും കാറുകള്‍ വാടകയ്ക്ക് കൊടുക്കുന്നവരെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് മഹേഷിലേക്കെത്തിയത്. 2008ല്‍ വിവാഹത്തിനായി മഹേഷ് വാങ്ങിയ കാറിന്റെ ചിത്രം മഹേഷിന്റെ വിവാഹ ആല്‍ബത്തില്‍ നിന്നു പോലീസിന് ലഭിച്ചതോടെ കാര്യങ്ങള്‍ എളുപ്പമാകുകയായിരുന്നു.
മഹേഷ് തിരുവനന്തപുരം സ്വദേശിക്ക് വിറ്റ കാര്‍ പല ഉടമകള്‍ കൈമാറി ചാത്തന്നൂര്‍ സ്വദേശിയിലൂടെ ഒരുവര്‍ഷം മുമ്പാണ് നിലവിലെ ഉടമയായ കൊട്ടിയം സ്വദേശിയുടെ കൈകളില്‍ എത്തുന്നത്. കസ്റ്റഡിയില്‍ എടുത്ത കാര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കലയുടെ കൊലപാതകക്കേസില്‍ നാലാംപ്രതിയായ പ്രമോദ് സ്വന്തം ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയവെയാണ് കലയുടെ കൊലപാതകത്തെ കുറിച്ചുള്ള ഊമക്കത്ത് പൊലീസിന് ലഭിച്ചത്. 2024 മാര്‍ച്ച് 25നാണ് തോട്ടപ്പള്ളി സ്വദേശിനിയായ ഭാര്യ രാധുവിനെ ഇയാള്‍ കൊല്ലാന്‍ശ്രമിച്ചത്.
നിരന്തരം രാധുവിനെ ആക്രമിക്കുകയായിരുന്ന ഇയാള്‍ വീട്ടിലെ പാചക ഗ്യാസ് തുറന്നുവിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന രാധുവിന്റെ പരാതിയില്‍ അമ്പലപ്പുഴ പോലീസ് പ്രമോദിനെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ ആലപ്പുഴ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിൽ നിലപാടറിയിക്കാന്‍ കലയുടെ സഹോദരന് അനില്‍കുമാര്‍ കോടതിയില്‍ ഹാജരാകാന്‍ ജില്ലാ ജഡ്ജി കെ.കെ ബാലകൃഷ്ണന് ഉത്തരവിട്ടിട്ടുണ്ട്.
കൊലപാതകക്കുറ്റത്തിന് പുറമെ പട്ടികജാതി-പട്ടിക വര്‍ഗ(അതിക്രമങ്ങള്‍ തടയല്‍) ഭേദഗതി നിയമം 2015 നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാലാണ് കലയുടെ അടുത്ത ബന്ധു ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്. പ്രതികളായ അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ കണ്ണമ്പള്ളിൽ സോമൻ, പ്രദീപ്, ജിനു എന്നിവർ റിമാൻഡിൽ കഴിയുകയാണ്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി. വേണുവും പ്രതികള്‍ക്കായി അപര്‍ണ സി.മേനോനുമാണ് കോടതിയില്‍ ഹാജരാവുന്നത്. ഇതിനിടയിൽ കലയുടെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന് രൂപം നൽകി. മന്ത്രി സജി ചെറിയാൻ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ കലയുടെ ബന്ധുക്കളെ സന്ദർശിച്ച് പഴുതsച്ച അന്വേഷണം നടത്തുവാൻ വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് ഉറപ്പ് നൽകി.
കലയുടെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെപിഎംഎസ് പ്രതിഷേധറാലിയും യോഗവും സംഘടിപ്പിച്ചു.പ്രതിഷേധങ്ങളും ജനപ്രതിനിധികളുടെ ഉറപ്പും രണ്ട് ഡിവൈഎസ്പിമാർ ഉൾപ്പെടുന്ന 21 അംഗ സ്പെഷൽ സംഘത്തിന്റെ അന്വേഷണവുമെല്ലാം മുറപോലെ നടക്കുന്നുണ്ട്. എന്നാൽ കലയെവിടെന്നിയാതെയും ഇസ്രയേലിലുള്ള അനിൽ എത്താതെയും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് അന്വേഷണ സംഘം.