രാഷ്ട്രീയം മറന്ന് ഒരുമിച്ച് നില്‍ക്കണം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം നല്കി എ.കെ. ആന്റണി
Wednesday, August 7, 2024 11:32 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ സംഭാവന നല്കി
മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ചു നില്‍ക്കണമെന്നും എല്ലാവരും രാഷ്ട്രീയം മറന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ഡിസിസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തലേക്കുന്നിൽ ബഷീർ സ്മാരക നിർമാണ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് എ.കെ.ആന്റണി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത ദുരന്തമാണ് വയനാട്ടിൽ നടന്നത്. യാതൊരു തർക്കവുമില്ലാതെ പരമാവധി സംഭാവനകള്‍ എത്തിക്കാനാണ് ശ്രമിക്കേണ്ടത്. എംപി ആയിരുന്ന അവസരത്തിൽ പ്രളയസമയത്തൊക്കെ കൂടുതൽ തുക താൻ സംഭാവന നൽകിയിട്ടുണ്ട്. ഇപ്പോൾ അതിനുള്ള കഴിവില്ലെങ്കിലും ഇന്ന് 50,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നുണ്ടെന്നും എ.കെ.ആന്റണി പറഞ്ഞു.
ദുരിതാശ്വാസ നിധിയുടെ സുതാര്യതയെക്കുറിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആവർത്തിച്ച് ആക്ഷേപമുന്നയിക്കുന്നതിനു പിന്നാലെയാണ് ആന്റണിയുടെ പ്രസ്താവന.