ട്രംപ് ഉൾപ്പടെയുള്ള അമേരിക്കൻ നേതാക്കളെ വധിക്കാൻ പദ്ധതി; പാക് പൗരൻ അറസ്റ്റിൽ
Wednesday, August 7, 2024 6:52 AM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ഉന്നത അമേരിക്കന്‍ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് പൗരന് അറസ്റ്റില്‍.
ആസിഫ് മെര്‍ച്ചന്റ്(46) എന്നയാളാണ് അറസ്റ്റിലായത്. അമേരിക്ക വിടാനൊരുങ്ങുമ്പോഴാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട കുറ്റപത്രം യുഎസ് ജസ്റ്റീസ് ഡിപാര്‍ട്ട്മെന്റ് ന്യൂയോർക്ക് കോടതിയിൽ സമര്‍പ്പിച്ചു. ഇയാൾക്ക് ഇറാൻ സർക്കാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.
നേതാക്കളെ വധിക്കാന്‍ വാടകക്കൊലയാളികളെ ഏര്‍പ്പാട് ചെയ്തതടക്കമുള്ള ആരോപണങ്ങള്‍ ഇയാള്‍ക്ക് നേരെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ട്രംപിനെ ഉൾപ്പടെ യുഎസിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാന്‍ ലക്ഷ്യമിട്ടെന്നാണ് എഫ്ബിഐയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ കൊലപാതകം നടത്താനാണ് പദ്ധതിയെന്നാണ് കരുതുന്നത്. ആസിഫ് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കസ്റ്റഡിയിലാണുള്ളത്.