ബംഗ്ലാദേശ് സംഘർഷം; സംഗീതജ്ഞൻ രാഹുൽ ആനന്ദയുടെ വീടിന് തീയിട്ടു
Wednesday, August 7, 2024 6:43 AM IST
ധാക്ക: ബംഗ്ലാദേശിൽ പ്രമുഖ സംഗീതജ്ഞൻ രാഹുൽ ആനന്ദയുടെ വീടിന് കലാപകാരികൾ തീയിട്ടു. ധാക്കയിലെ ധൻമോണ്ടി 32-ൽ സ്ഥിതി ചെയ്യുന്ന വസതിയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് അക്രമികൾ ഇരച്ചെത്തിയത്. പിന്നാലെ വീട് കൊള്ളയടിക്കുകയും വീട് അഗ്നിക്കിരയാക്കുകയും ചെയ്തു.
സംഭവസമയം, ആനന്ദയും ഭാര്യയും മകനും വീട്ടിലില്ലായിരുന്നതിനാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ വിലപിടിപ്പുള്ള പല വസ്തുക്കളും നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. കൈ കൊണ്ട് നിർമിച്ച 3000-ത്തിലധികം സംഗീതോപകരണങ്ങളുടെ വിപുലമായ ശേഖരം വീട്ടിലുണ്ടായിരുന്നു. ഇത് മുഴുവനും കലാപകാരികൾ കത്തിച്ച് നശിപ്പിച്ചു.
ഗേറ്റ് തകർത്താണ് അക്രമികൾ വീടിനകത്തേക്ക് പ്രവേശിച്ചത്. തുടർന്ന് വാതിലുകൾ കുത്തി തുറന്നു. പിന്നലെ ഫർണിച്ചറുകളും കണ്ണാടികളും ഉൾപ്പടെ വിലപിടിപ്പുള്ള എല്ലാം കവർന്നുവെന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധു പറഞ്ഞു. ഗാനരചയിതാവും ഗായകനുമായ രാഹുൽ ആനന്ദ ധാക്കയിൽ ജോലർ ഗാന് എന്ന പേരിൽ ബാൻഡ് നടത്തുകയാണ്.