ക്യൂബൻ താരത്തെ മലർത്തിയടിച്ചു; ഗുസ്തിയിൽ വിനേഷ് ഫോഗട്ട് ഫൈനലിൽ
Tuesday, August 6, 2024 11:07 PM IST
പാരീസ് : ഒളിന്പിക്സ് വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യൻ താരം വിനേഷ് ഫോഗട്ട്. സെമി ഫൈനലിൽ ക്യൂബൻ താരം യുസ്നെലിസ് ലോപ്പസിനെ തോൽപ്പിച്ചാണ് വിനേഷ് ഫോഗട്ട് ഫൈനലിൽ പ്രവേശിച്ചത്.
5-0 നാണ് ഇന്ത്യൻ താരത്തിന്റെ വിജയം. ഒളിമ്പിക്സ് ഗുസ്തി ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് വിനേഷ് ഫോഗട്ട്. നേരത്തെ നിലവിലെ സ്വർണമെഡൽ ജേതാവായ ജാപ്പനീസ് താരം സുസാകി യുയിയെ പരാജയപ്പെടുത്തിയാണ് വിനേഷ് ക്വാർട്ടറിൽ പ്രവേശിച്ചത്.
ക്വാർട്ടർ പോരാട്ടത്തിൽ യുക്രെയ്ൻ താരം ഒക്സാന ലിവാച്ചിനെ വീഴ്ത്തിയാണ് സെമി ഫൈനലിനു യോഗ്യത നേടിയത്. 29 വയസുകാരിയായ വിനേഷ് ഫോഗട്ട് ഹരിയാനയിലെ ഖർഖോഡ സ്വദേശിനിയാണ്.
സ്വർണമെഡൽ പോരാട്ടം ബുധനാഴ്ച രാത്രിയിൽ നടക്കും. 2016,2020 ഒളിന്പിക്സുകളിൽ പങ്കെടുത്തിരുന്നെങ്കിലും മെഡൽ നേടാൻ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഡൽഹി ജന്തര്‍ മന്ദിറില്‍ ഗുസ്തി ഫെഡറേഷന് അധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷണ് ശരൺ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു വിനേഷ് ഫോഗട്ട്.