ആരാണ് അനധികൃത കുടിയേറ്റക്കാര്‍?; കേന്ദ്ര മന്ത്രി ദുരന്തത്തിന് ഇരയായവരെ അപമാനിക്കുന്നു: മുഖ്യമന്ത്രി
Tuesday, August 6, 2024 7:46 PM IST
തിരുവനന്തപുരം: കേന്ദ്ര വനംമന്ത്രി ദുരന്തത്തിന് ഇരയായ മനുഷ്യരെ അപമാനിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തെ സങ്കുചിത താല്പര്യത്തിനായി ചിലർ ഉപയോഗിക്കുന്നു. കേന്ദ്ര വനം മന്ത്രിയുടെ പ്രസ്താവന അത്തരത്തിൽ ഉള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ മലയോര മേഖലയെ കുറിച്ച് ചെറിയ ധാരണ പോലും ഇല്ലാതെ കേന്ദ്രമന്ത്രി സംസാരിച്ചു. മരിച്ചവർ അനധികൃത കുടിയേറ്റക്കാർ ആണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ആരാണിവിടത്തെ അനധികൃത കുടിയേറ്റക്കാര്‍?. ഈ ദുരന്തത്തില്‍ മണ്ണടിഞ്ഞ എസ്റ്റേറ്റിലെ തൊഴിലാളികളോ?. അതോ, തങ്ങളുടെ ചെറിയ തുണ്ടു ഭൂമിയില്‍ ജീവിച്ച സാധാരണ മനുഷ്യരോ?. കേരളത്തിലെ മലയോര മേഖലയെക്കുറിച്ച് ചെറിയ ധാരണയെങ്കിലും ഉള്ളവര്‍ക്ക് അവിടെ ജീവിക്കുന്ന മനുഷ്യരെ അനധികൃത കുടിയേറ്റക്കാരായി മുദ്ര കുത്താന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓല മടക്കിവെച്ച് കൂര കെട്ടിയ തോട്ടം തൊഴിലാളികള്‍ അനധികൃത കയേറ്റക്കാരാണ് എന്നല്ലേ കേന്ദ്ര മന്ത്രി പറഞ്ഞു വരുന്നത്?. ഉരുള്‍പൊട്ടലിന്റെ ഉത്തരവാദിത്വം പാവപ്പെട്ട തൊഴിലാളികളുടെ ഉള്‍പ്പെടെ തലയില്‍ ചാര്‍ത്തുകയല്ലേ ഇക്കൂട്ടര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
പരിസ്ഥിതി ഗൗരവമായി സംരക്ഷിക്കപ്പെടുന്ന മേഖലയാണ് മുണ്ടക്കൈ. അവിടെ അനധികൃത ഖനനം നടക്കില്ല എന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമല്ലേ. ഇതറിഞ്ഞിട്ടും അനധികൃത ഖനനം മൂലമാണ് ഉരുള്‍പൊട്ടലെന്ന് പറയുന്നതിലെ രാഷ്ട്രീയം എന്തെന്ന് മലയാളികള്‍ക്ക് മനസിലാകും എന്ന് പിണറായി വിജയൻ പറഞ്ഞു.