അര്‍ജുനെ കാണാതായിട്ട് 29 ദിവസം; തെരച്ചിലിൽ അനിശ്ചിതത്വം
Tuesday, August 6, 2024 7:15 PM IST
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തെരച്ചില്‍ പുനഃരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും കാലാവസ്ഥ അനുകൂലമല്ലെന്ന നിലപാടിലാണ് കര്‍ണാടക.
അതേസമയം തെരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ചിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടിലെത്തി തെരച്ചില്‍ പുനഃരാരംഭിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല.
തെരച്ചില്‍ നടപടികള്‍ നിര്‍ത്തിവച്ചതോടെ ഷിരൂരില്‍ ഉണ്ടായിരുന്ന അര്‍ജുന്റെ ബന്ധുക്കള്‍ തിരികെ നാട്ടിലേക്ക് വന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ലോറിയുടെ ഉടമ മനാഫ് മാത്രമാണ് ഇപ്പോള്‍ ഷിരൂരിലുള്ളത്. തെരച്ചില്‍ പുനഃരാരംഭിക്കാനുള്ള യാതൊരു സന്നാഹവും അവിടെയില്ലെന്ന് നാട്ടില്‍ തിരികെ എത്തിയ അര്‍ജുന്റെ ബന്ധു ജിതിന് പറഞ്ഞു.
അവിടെ നടക്കുന്ന കാര്യങ്ങള്‍ ലോറി ഉടമ മുഖേന അറിയുന്നുണ്ട്. തെരച്ചില്‍ പുനഃരാരംഭിച്ചാല്‍ ഷിരൂരിലേക്കു പോകുമെന്നും ജിതിന് പറഞ്ഞു. ജൂലൈ എട്ടിന് കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ നിന്നും കര്‍ണാടകയിലേക്ക് ലോറിയില്‍ ലോഡെടുക്കാന്‍ പോയ അര്ജുന് ഇതുവരെയും മടങ്ങിയെത്തിയിട്ടില്ല.
മണ്ണിടിച്ചിലില്‍ അര്ജുന് സഞ്ചരിച്ച ലോറി പുഴയിലേക്കു മറിഞ്ഞതായാണ് നിഗമനം. എന്നാല്‍ ഇതുവരെ ലോറിയോ അര്‍ജുനെയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഗംഗാവലി പുഴയിലെ തെരച്ചില്‍ കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. കര്‍ണാടക അധികൃതരും ഇക്കാര്യത്തില്‍ യാതൊന്നും പറയുന്നില്ല.
തെരച്ചില്‍ അടിയന്തരമായി പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും സിദ്ധരാമയ്യക്ക് കത്ത് അയച്ചെങ്കിലും അനുകൂല നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഗംഗാവലി പുഴയില്‍ അടിയൊഴുക്കു ശക്തമാണ്, കാലാവസ്ഥ പ്രതികൂലമാണ് എന്നിങ്ങനെയുള്ള വാദങ്ങള്‍ നിരത്തിയാണു തെരച്ചില്‍ പുനഃരാരംഭിക്കുന്നതില്നിന്ന് കര്‍ണാടക വിട്ടുനില്‍ക്കുന്നത്.
അര്‍ജുന്റെ വീട്ടുകാരുടെ താത്പര്യ പ്രകാരം പ്രാദേശിക മുങ്ങള്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ കഴിഞ്ഞ ദിവസം ഷിരൂരില്‍ എത്തിയെങ്കിലും പോലീസ് മടക്കി അയയ്ക്കുകയായിരുന്നു.