വയനാട് ദുരന്തം; തെരച്ചിൽ നടത്താത്ത ഒരു പ്രദേശവും ഉണ്ടാകരുത്: മുഖ്യമന്ത്രി
Tuesday, August 6, 2024 5:52 PM IST
വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ സ്ഥിരീകരിച്ച സംഖ്യ 224 ൽ എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽനിന്ന് അഞ്ചും നിലമ്പൂരിൽനിന്ന് ഒരു മൃതദേഹവുമാണ് ഇന്നലെ ലഭിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വയനാട്ടിൽനിന്ന് 150 ഉം നിലന്പൂരിൽനിന്ന് 76 ഉം മൃതദേഹങ്ങളാണ് ലഭിച്ചത്. മൃതദേഹങ്ങൾ മറവുചെയ്യുന്നതിന് കൂടുതൽ സ്ഥലം ഏറ്റെടുക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
154 പേരെ കാണാതായി എന്നാണ് കണക്ക്. 88 പേർ ഇപ്പോളും ആശുപത്രിയിലാണ്. ചൂരൽമല ഭാഗത്ത് ഒമ്പത് ക്യാമ്പുകളിലായി 1381 പേരാണുള്ളത്. ചാലിയാറിലും വനമേഘലയിലും തെരച്ചിൽ ശക്തമാക്കാനും കടലിൽ മൃതദേഹങ്ങൾ ഒഴുകിയെത്തിയിട്ടുണ്ടോ എന്ന് തെരച്ചിൽ നടത്താനും നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താനുള്ള സാധ്യതകൾ ബാക്കിനിർത്താതെയുള്ള തെരച്ചിലാണ് നടക്കുന്നത്. ഊർജിതമായ തെരച്ചിലും നിരീക്ഷണവും ഇന്നും നടക്കുകയാണ്.
സൈന്യം, വനംവകുപ്പ്, ഫയർഫോഴ്സ് എന്നിവരടങ്ങിയ സംഘത്തെയാണ് ഇന്ന് തെരച്ചിലിന് നിയോഗിച്ചത്. സൂചിപ്പാറ മുതൽ പോത്തുകല്ല് വരെയുള്ള മേഖലയിലേക്കും ഇതുവരെ പൂർണമായി എത്തിച്ചേരാൻ കഴിയാതിരുന്ന സൺ റൈസ് വാലിയിലേക്കും തെരച്ചിൽ സംഘത്തെ ഹെലിക്കോപ്പ്റ്ററിലാണ് എത്തിച്ചത്. തെരച്ചിൽ നടത്താത്ത ഒരു പ്രദേശവും ഉണ്ടാകരുത് എന്ന ഉദ്ദേശത്തോടെയാണ് ഇത്.
ക്യാമ്പുകളിലുള്ളവർക്കും സന്നദ്ധപ്രവർത്തകർക്കും നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരും ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി പരിശോധനകൾ പൂർത്തിയാക്കിയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഉരുൾപൊട്ടലിൽ തകർന്ന രണ്ട് റേഷൻ കടകളുടെ പ്രവർത്തനം മേപ്പാടിയിൽ തന്നെ ആരംഭിച്ചു.
ഗുരുതരമായ കേടുപാടുകൾ സംഭവിച്ച തകർന്നുവീഴാറായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ സാധ്യമാണോ എന്ന് പരിശോധിക്കും. ഇന്ത്യൻ സായുധ സേനകളുടെ തുടർ പ്രവർത്തനം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരോട് ചർച്ച ചെയ്ത് തീരുമാനിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
ഉരുൾപൊട്ടൽ ബാധിത പ്രദേശത്തേക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും മാത്രമേ പോകുന്നുള്ളു എന്ന് ഉറപ്പാക്കണം. 112 ടീമുകളായി 913 വാളന്റിയർമാരും പ്രദേശവാസികളും സേനാംഗങ്ങളോടൊപ്പം ചേർന്നിട്ടുണ്ട്. പോലീസ്, കരസേന, തമിഴ്നാട് അഗ്നിരക്ഷാ സേന എന്നിവരുടെ ഡോഗ് സ്ക്വാഡും തെരച്ചിലിന് രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിയായി ഉപയോഗിക്കും. ജൂലൈ 30 മുതൽ തിങ്കളാഴ്ച വരെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 53,9852942 രൂപയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.