സർക്കാർ മുട്ടുമടക്കി; ബംഗ്ലാദേശ് പാര്‍ലമെന്റ് പിരിച്ചുവിട്ടു
Tuesday, August 6, 2024 5:23 PM IST
ധാക്ക: ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന് പ്രസിഡന്റ് ബംഗ്ലാദേശ് പാര്‍ലമെന്റ് പിരിച്ചുവിട്ടു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നിനുള്ളിൽ പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് പ്രക്ഷോഭകര്‍ അന്ത്യശാസനം നല്‍കിയിരുന്നു.
പാര്‍ലമെന്റ് പിരിച്ചുവിട്ടില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് പോകുമെന്ന് പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്ന വിദ്യാര്‍ഥികൾ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ പാർലമെന്റ് പിരിച്ചു വിടുകയായിരുന്നു.
പാര്‍ലമെന്റ് പിരിച്ചുവിട്ടതോടെ ഇടക്കാല സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമായി. കലാപം തുടരുന്ന പശ്ചാത്തലത്തില്‍ സൈനിക മേധാവി വിദ്യാര്‍ഥി പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തും. സൈന്യം നിയന്ത്രിക്കുന്ന സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നാണ് വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നവരുടെ നിലപാട്.
നൊബേല്‍ സമ്മാനജേതാവ് ഡോ. മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് വിദ്യാര്‍ഥി നേതാക്കളുടെ ആവശ്യം.