അമീബിക് മസ്തിഷ്ക ജ്വരം: കുളത്തിലെ വെള്ളത്തില്‍ അണുബാധയില്ലെന്നു പ്രാഥമിക റിപ്പോര്‍ട്ട്
Tuesday, August 6, 2024 4:24 PM IST
നെയ്യാറ്റിന്‍കര: മസ്തിഷ്ക ജ്വരം ബാധിച്ച യുവാവ് രോഗബാധിതനായി ആശുപത്രിയിലെത്തുന്നതിനു മുന്‍പ് കുളിച്ച അതിയന്നൂര്‍ പഞ്ചായത്തിലെ മരുതംകോട് വാര്‍ഡിലെ കാവിന്‍കുളം എന്ന ജലാശയത്തിലെ വെള്ളത്തില്‍ രോഗാണുബാധയില്ലെന്ന പ്രാഥമിക പരിശോധന ഫലം തദ്ദേശവാസികള്‍ക്ക് താത്കാലിക ആശ്വാസം പകരുന്നു.
രോഗാണുബാധ ഇല്ലെന്നാണ് റിപ്പോര്‍ട്ട് എന്ന് പഞ്ചായത്ത് പ്രസിഡന്റും വെണ്‍പകല്‍ ആശുപത്രി അധികൃതരും അറിയിച്ചു. അതേസമയം, സമീപവാസികളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയ അഞ്ചുപേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പൂതംകോട് കണ്ണറവിള അനൂപ് ഭവനില്‍ അഖില്‍ (27) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
കാവിന്‍കുളം പൊതുജനങ്ങള്‍ ഉപയോഗിക്കരുതെന്ന് അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുളത്തില്‍ മുങ്ങിക്കുളിച്ചതിന്റെ ഫലമായാണ് അഖിലിന് മസ്തിഷ്ക ജ്വരം ബാധിച്ചതെന്ന സംശയത്തിന്റെ പേരിലായിരുന്നു പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശം.
ആരോഗ്യവകുപ്പ് കുളത്തില്‍നിന്നു ശേഖരിച്ച വെള്ളത്തിന്റെ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചതോടെ ആശ്വാസമായെങ്കിലും ആശങ്കകൾ അവശേഷിക്കുകയാണ്. വെള്ളത്തില്‍ രോഗാണുബാധ ഇല്ലെന്നാണ് റിപ്പോര്‍ട്ടെങ്കിലും ഇതേ കുളത്തില്‍ കുളിച്ച മറ്റു ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നും ജലത്തിന്റെ സാന്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കിയേക്കാം.
അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ മസ്തിഷ്ക ജ്വരം പിടിപെടുന്നത് നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുന്പോഴാണ്. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി സമ്പർക്കത്തിൽ വരുന്നവരിലാണ് രോഗം പിടിപെടുന്നത്.
അപൂര്‍വ രോഗമായ മസ്തിഷ്ക ജ്വരത്തിന്റെ ഉറവിടം സംബന്ധിച്ച വ്യക്തതയ്ക്കായി വരും ദിവസങ്ങളിലും പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും പരിശോധന നടത്തും.