സ്പീക്കറോട് മോശം പെരുമാറ്റം; ടിടിഇയ്ക്കെതിരായ നടപടി പിൻവലിച്ചു
Tuesday, August 6, 2024 4:01 PM IST
തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിനോട് മോശമായി പെരുമാറിയ ടിടിഇയെ സസ്പെൻഡ്ചെയ്ത നടപടി പിൻവലിച്ചു. ചീഫ് ടിടിഇ ജി.എസ്. പത്മകുമാറിനെതിരേയുള്ള നടപടിയാണ് പിൻവലിച്ചത്.
നേരത്തെ സ്പീക്കർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയിൽവേ ടിടിഇയ്ക്കെതിരേ നടപടി സ്വീകരിച്ചത്. ജൂലൈ 30 ന് വന്തേഭാരതിൽ യാത്രചെയ്യുന്നതിനിടെയാണ് പരാതിക്കാസ്പതമായ സംഭവം ഉണ്ടായത്.
സ്പീക്കർക്കൊപ്പം നിയമവിരുദ്ധമായി ഒരാൾ യാത്രചെയ്തത് ടിടിഇ ചോദ്യംചെയ്തിരുന്നു. എന്നാൽ യാത്രയ്ക്കിടെ സ്പീക്കറുടെ സുഹൃത്ത് സംസാരിക്കാനായി എത്തിയതാണ് ടിടിഇ ചോദ്യംചെയ്തതെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി.
സ്പീക്കർ ആണെന്ന് അറിയിച്ചിട്ടും ടിടിഇ മോശമായി പെരുമാറി. സുഹൃത്ത് ഉടൻ പോകുമെന്ന് പറഞ്ഞിട്ടും പെരുമാറ്റം തുടർന്നു. ഇതോടെയാണ് പരാതി നൽകിയതെന്ന് സ്പീക്കർ വ്യക്തമാക്കി.