ഇളയരാജയ്ക്ക് 60 ലക്ഷം നല്കി പ്രശ്നം പരിഹരിച്ച് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍
Monday, August 5, 2024 2:30 PM IST
കൊച്ചി: ഗുണ എന്ന ചിത്രത്തിലെ "കണ്മണി അന്‍പോട്' എന്ന ഗാനം "മഞ്ഞുമ്മല്‍ ബോയ്സ്' എന്ന മലയാള സിനിമയില്‍ ഉപയോഗിച്ചതിന്റെ പേരില്‍ നിര്‍മാതാക്കളും സംഗീത സംവിധായകന് ഇളയരാജയും തമ്മിലുണ്ടായ വിവാദം ഒത്തുതീര്‍ന്നു. ഇളയരാജ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും നിര്‍മാതാക്കള്‍ 60 ലക്ഷം രൂപ നല്കി വിവാദം ഒത്തുതീര്‍പ്പാക്കി.
തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയില്‍ കണ്മണി അന്‍പോട് ഗാനം ഉപയോഗിച്ചു എന്നാരോപിച്ച് ഇളയരാജ കഴിഞ്ഞ മേയ് മാസത്തിലായിരുന്നു നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സ് കൈവശമുള്ളവരില്നിന്നും അവകാശം കരസ്ഥമാക്കിയിരുന്നു എന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ പറഞ്ഞത്.
മഞ്ഞുമ്മല്‍ ബോയ്സ് വലിയ വിജയം നേടിയ സാഹചര്യത്തില്‍ രണ്ടുകോടിയാണ് ഇളയരാജ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ചര്‍ച്ചകള്‍ക്കൊടുവില്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നല്‍കിയെന്നാണ് വിവരം.
1991ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത കമല്‍ ഹാസന് ചിത്രമായ "ഗുണ' യ്ക്ക് വേണ്ടി ഇളയരാജ ഈണം നല്കിയ ഗാനമാണ് "കണ്മണി അന്‍പോട് കാതലന്‍ നാന്'. ചിദംബരം സംവിധാനം ചെയ്ത ഗുണ കേവ് പാശ്ചത്തലമായി വരുന്ന "മഞ്ഞുമ്മല്‍ ബോയ്സ്' എന്ന ചിത്രത്തില്‍ ഈ ഗാനം ഉപയോഗിച്ചിരുന്നു.
മഞ്ഞുമ്മല്‍ ബോയ്സ് റിലീസിന് ശേഷം കണ്മണി അന്‍പോട് വീണ്ടും മലയാളത്തിലും തമിഴിലും വന്‍ ഹിറ്റായിരുന്നു ഇതോടെയാണ് ഇളയരാജ നിര്‍മാതാക്കള്‍ക്ക് നോട്ടീസ് അയച്ചത്.