തിരുവനന്തപുരത്ത് ഒരാൾക്ക് മസ്തിഷ്കജ്വരം; കുളത്തിലിറങ്ങിയ മറ്റു മൂന്നുപേർക്ക് സമാനലക്ഷണങ്ങൾ
Monday, August 5, 2024 12:36 PM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കടുത്ത പനിയെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്.
കണ്ണറവിളയ്ക്കു സമീപത്തെ കാവിൻകുളത്തിൽ കുളിച്ചതിനു ശേഷമാണ് ഇയാൾക്ക് കടുത്ത പനി തുടങ്ങിയത്. ഇതേ കുളത്തിൽ ഇറങ്ങിയവരിൽ മൂന്നു പേർക്കുകൂടി കടുത്ത പനിയുണ്ട്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ കുളത്തിൽ കുളിച്ച കണ്ണറവിള പൂതംകോട് സ്വദേശി അഖിൽ (27) കഴിഞ്ഞ 23ന് ആണ് മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതിനു പിന്നാലെ കാവിൻകുളത്തിൽ ഇറങ്ങുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് കുളത്തിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചിട്ടുണ്ട്.