എടിഎം ആണെന്ന് കരുതി പാസ്ബുക്ക് പ്രിന്റര്‍ മെഷീൻ പൊളിച്ചു; പ്രതി പിടിയിൽ
Monday, August 5, 2024 9:39 AM IST
മലപ്പുറം: മോഷണത്തിനായി എടിഎം കൗണ്ടറിനുള്ളില്‍ കയറി പാസ്ബുക്ക് പ്രിന്റര്‍ മെഷീനും കാഷ് ഡെപ്പോസിറ്റ് മെഷീനും പൊളിച്ച പ്രതി പിടിയിൽ. യുപി അലഹാബാദിലെ ബരേത്ത് പുരോഗബായ് സ്വദേശി ജിതേന്ദ്ര ബിന്ദ് (33) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ തിരൂര്‍ താഴേപ്പാലത്തുള്ള എസ്ബിഐ ബാങ്കിനോടു ചേര്‍ന്നുള്ള എടിഎം കൗണ്ടറില്‍ കയറിയത്. എടിഎം ആണെന്നു കരുതി, കൈയിലുണ്ടായിരുന്ന ഇരുമ്പുപാര ഉപയോഗിച്ചു പാസ്ബുക്ക് പ്രിന്റര്‍ മെഷീന് പൊളിച്ചു. പണം ലഭിക്കാതെ വന്നതോടെ അടുത്തുണ്ടായിരുന്ന സിഡിഎമ്മും പൊളിച്ചു.
സിസിടിവിയില്‍ നിന്നു മോഷണശ്രമം മനസിലാക്കിയ ബാങ്ക് അധികൃതര്‍ വിവരം ഉടന്‍ പൊലീസിനെ അറിയിച്ചു. സിസിടിവിയില്‍ നിന്ന് ആളെ തിരിച്ചറിഞ്ഞ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടുകയായിരുന്നു. മെഷീനുകള്‍ തകർത്തതിൽ ബാങ്കിന് ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.