വീടിന്റെ മതിലിടിഞ്ഞു വീണ് നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
Sunday, August 4, 2024 2:47 AM IST
ഭോപ്പാൽ: വീടിന്റെ മതിലിടിഞ്ഞു വീണ് നാല് സ്കൂൾ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ രേവയിലെ ഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അൻഷിക ഗുപ്ത (അഞ്ച്), മാന്യ ഗുപ്ത (ഏഴ്), സിദ്ധാർഥ് ഗുപ്ത (അഞ്ച്), അനുജ് പ്രജാപതി (ആറ്) എന്നിവരാണ് കൊല്ലപ്പെട്ടത്.
കുട്ടികൾ പഠിച്ചിരുന്ന സൺറൈസ് പബ്ലിക് സ്കൂളിൽ നിന്ന് 20 മീറ്റർ അകലെയാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. സ്കൂൾ കഴിഞ്ഞ് വിദ്യാർഥികൾ വീടുകളിലേക്ക് പോകുന്നതിനിടെ ഈ വിടിന്റെ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു.
അഞ്ചിനും ഏഴിനും ഇടയിൽ പ്രായമുള്ള എട്ട് വിദ്യാർഥികളുടെയും ഒരു അധ്യാപികയുടെയും ശരീരത്തിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്. നാട്ടുകാർ ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും നാലു കുട്ടികൾ മരിച്ചിരുന്നു. പരിക്കേറ്റവരെ ഗംഗിയോയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.