സൈനിക യൂണിഫോം ദുരുപയോഗം ചെയ്തു; മുണ്ടക്കൈയിലെത്തിയ മേജർ രവിക്കെതിരെ പരാതി
Sunday, August 4, 2024 1:50 AM IST
തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തബാധിത പ്രദേശം സന്ദർശിക്കാൻ നടൻ മോഹൻലാലിനൊപ്പമെത്തിയ മേജർ രവിക്കെതിരെ പരാതി. മേജർ രവി സൈനിക യൂണിഫോം ദുരുപയോഗം ചെയ്തെന്ന് കാണിച്ച് വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ആർ.എ. അരുൺ എന്നയാളാണ് പരാതി നൽകിയത്.
ഡിഫൻസ് സർവീസ് റെഗുലേഷൻ പ്രകാരം സൈന്യത്തിൽ നിന്നും വിരമിച്ചയാൾ സൈനിക യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും മേജർ രവി സൈനിക യൂണിഫോം ദുരുപയോഗം ചെയ്തുവെന്നുമാണ് പരാതി.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പോലീസിനും പ്രതിരോധ മന്ത്രാലയത്തിനും ഇയാൾ പരാതി നൽകിയിട്ടുണ്ട്. സൈനിക യൂണിഫോം ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് മേജർ രവിയുടെ പ്രവൃത്തിയെന്നും ഇത് സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തുന്നുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.