കര്‍ണാടകയ്ക്കു പിന്നാലെ കേരളവും പിന്‍വാങ്ങുന്നു; അര്‍ജുനുവേണ്ടിയുള്ള തെരച്ചില്‍ നിര്‍ത്തുന്നു
Saturday, August 3, 2024 3:11 PM IST
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ കണ്ടെത്തുന്നതിനുള്ള ദൗത്യം അവസാനിപ്പിക്കുന്നു. കര്‍ണാടക പൂര്‍ണമായും കൈയൊഴിഞ്ഞ ഷിരൂര്‍ ദൗത്യത്തില്‍നിന്ന് കേരളവും പിന്മാറുന്നതായാണു സൂചന.
ഗംഗാവലി പുഴയിലെ തെരച്ചിലിനു തൃശൂര്‍ കാര്‍ഷിക സര്‍വകാലാശാലയുടെ ഡ്രഡ്ജര്‍ എത്തിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതിനിടെ, ഇന്ന് അമാവാസി ആയതിനാല്‍ പുഴയില്‍ കുത്തൊഴുക്ക് കുറയുമെന്നും തെരച്ചിലിനു തയാറാണെന്നും കര്‍ണാടകയിലെ മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം പതിനാറിനാണ് ദേശീയപാതയില്‍ മണ്ണിടിഞ്ഞ് അര്‍ജുനെ കാണാതായത്. നാവിക സേനയും സൈന്യവും തെരച്ചിലിന് എത്തിയിരുന്നു. പുഴയിലെ മണ്ണിനടിയില്‍ അര്ജുന് സഞ്ചരിച്ച ലോറി കുടുങ്ങികിടക്കുന്നുവെന്നാണ് സംശയിച്ചിരുന്നത്. ഗംഗാവലി പുഴയിലെ കുത്തൊഴുക്ക് കാരണംനാവികേസനയുടെ ഡൈ വേഴ്സിനു അവിടെ മുങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഈശ്വര്‍ മാല്‍പെ വന്നശേഷമാണ് ഇവിടെ മുങ്ങിയത്.
പുഴയില്‍ വൈദ്യുത കാലുകളും കമ്പികളും കുടുങ്ങികിടക്കുന്നതിനാല്‍ അതിനുള്ളിലേക്ക് കടന്ന് തെരയാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. മണ്ണു നീക്കം ചെയ്യുന്നതിനാണ് തുശൂരില്നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ തീരുമാനിച്ചിരുന്നത്.
ഷിരൂര്‍ സന്ദര്‍ശിച്ച കേരള കാര്‍ഷിക സര്‍വകലാശാലയുടെ സാങ്കേതിക വിഭാഗം ദൗത്യം വിജയിപ്പി ക്കാനാവില്ലെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് തൃശൂര്‍ ജില്ല ദുരന്തനിവാരണ സമിതി അധ്യക്ഷന്‍ കൂടിയായ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കേരള കാര്‍ഷിക സര്‍വകലാശാലയുടെ സാങ്കേതിക വിഭാഗത്തെ ഷിരൂരിലേക്ക് അയച്ചത്.
പുഴയുടെ ആഴവും ഒഴുക്കും പരിശോധിച്ച സംഘം ഉത്തര കര്‍ണാടക ജില്ലാ ഭരണകൂടവുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മണ്ണ് നീക്കം ചെ യ്ത് അര്‍ജുന്റെ ലോറി പുറത്തെടു ക്കുക അസാധ്യമാണെന്ന നിലയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പുഴയില്‍ മണ്ണുനീക്കം ചെയ്യാനുള്ള യന്ത്രം നിലനിര്‍ത്താനാവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതോടെ അര്‍ജുനെ കണ്ടുകിട്ടുന്നതിനുള്ള തെരച്ചില്‍ ഇനിയുണ്ടാവില്ലെന്ന ആശങ്കയാണ് ഉയര്‍ന്നിട്ടുള്ളത്. സര്‍ക്കാര്‍ സംവിധാനത്തിന്റെ ശ്രദ്ധയാകെ വയനാട് മേപ്പാടിയിലെ ഉരുള്‍പൊട്ടലിന്റെ രക്ഷാപ്രവര്‍ത്തനത്തിലാണ്. അമാവാസിയായതിനാല്‍ ഇന്നു മൂന്നു മണിക്കൂറോളം പുഴയില്‍ വെള്ളം കുറയുമെന്നതിനാല്‍ പുഴയില്‍ ഇറങ്ങി തിരയാമെന്നാണ് ഈശ്വര്‍ മാല്‍പെ അറിയിച്ചിട്ടുള്ളത്. അര്‍ജുന്റെ ബന്ധുക്കള്‍ ഇന്നു ഷിരൂരിലേക്കു പോയിട്ടുണ്ട്.