വനത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി; രണ്ട് പേരെ എയർലിഫ്റ്റ് ചെയ്തു
Saturday, August 3, 2024 2:49 PM IST
വയനാട്: വയനാട്ടിൽ വനത്തിൽ കുടുങ്ങിയ മൂന്ന് പേരെയും രക്ഷപ്പെടുത്തി. കാലിന് പരിക്കേറ്റ രണ്ട് പേരെ ഹെലികോപ്റ്റർ മാർഗം എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. പോത്തുകല്‍ മുണ്ടേരി സ്വദേശികളായ റഹീസ്, സാലി, കൊണ്ടോട്ടി സ്വദേശി മുഹ്സിന് എന്നിവരാണ് കുടുങ്ങിയത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മൂവരും സൂചിപ്പാറ മേഖലയിലേക്ക് പോയത്. ചാലിയാർ നീന്തിക്കടന്ന് വനത്തിലൂടെ സൂചിപ്പാറയിലേക്ക് പോകുകയായിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പെട്ട പലരുടെയും മൃതദേഹം ഇവിടെയുണ്ടെന്നറിഞ്ഞ് തെരച്ചിലിന് എത്തിയതായിരുന്നു ഇവർ എന്നാണ് വിവരം.
കാട്ടാന അടക്കം ഇറങ്ങുന്ന പ്രദേശമാണിത്. വനംവകുപ്പിന്റെ നിര്‍ദേശമില്ലാതെ മേഖലയിലേക്ക് പോകരുതെന്നും മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് യുവാക്കള്‍ ഇവിടേക്ക് കടന്നതെന്നാണ് വിവരം.