ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് നിഷേധാത്മക നിലപാട്: ഡബ്ല്യുസിസി
Saturday, August 3, 2024 2:41 PM IST
കൊച്ചി: ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവരുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഇക്കാലമത്രയും കൈക്കൊണ്ടത് നിഷേധാത്മക നിലപാടുകളെന്ന് ഡബ്ല്യുസിസി (വിമന്‍ ഇന്‍ സിനിമ കളക്ടീവ്). വിവരാവകാശ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വിടാന്‍ ഉത്തരവിട്ടപ്പോഴും അത് ഉറപ്പു വരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടിയിട്ടില്ല.
റിപ്പോര്‍ട്ട് പുറത്തു വിടുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടായിട്ടില്ല. "അത് ഞങ്ങളുടെ കാര്യമല്ല , കോടതിക്കാര്യമാണ്' എന്ന നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ എടുത്തതെന്നും ഡബ്ല്യുസിസി ആരോപിച്ചു.
സര്‍ക്കാര്‍ ഈ നിലപാട് തിരുത്തണം. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു കൊണ്ടു വരികയും അതിന്മേല് നടപടികള്‍ ഉണ്ടാവുകയും വേണം. അത് വൈകാനിടയാക്കുന്നത് കൊടിയ നീതി നിഷേധമാണ്. ഭരണഘടന അനുശാസിക്കുന്ന നീതിനിർവഹണത്തിലെ ലംഘനമാണെന്നും ഡബ്ല്യുസിസി കുറ്റപ്പെടുത്തി.
ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നിട്ട് വരുന്ന ഡിസംബറില്‍ അഞ്ചു വര്‍ഷം തികയും. റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവരാനോ അത് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാനോ കേരളത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അതിനായി മുന്നിട്ടിറങ്ങാന്‍ സര്‍ക്കാറോ സിനിമയില്‍ ആധിപത്യം വഹിക്കുന്ന സംഘടനകളോ തയാറുമല്ല. സിനിമയിലെ തൊഴിലിടങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുന്ന കാര്യത്തില്‍ കേരളം എന്തു വലിയ പരാജയമാണ് എന്ന് ഈ കാത്തിരുപ്പ് ഓര്‍മിപ്പിക്കുന്നു.
നീതിശൂന്യമായ ഈ കാത്തിരിപ്പിന് ഒരു പരിഹാരമായാണ് ആരുടെയും സ്വകാര്യത ലംഘിക്കാത്ത രീതിയില്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം എന്ന വിവരാവകാശ കമ്മീഷന്റെ നിര്‍ദേശം. അന്യായങ്ങള്‍ ചെയ്തവരെ സുരക്ഷിതരാക്കി നിര്‍ത്തുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നത്. ഈ കുരുക്കഴിയ്ക്കുക എന്നത് ഡബ്യുസിസിയുടെ മാത്രം കാര്യമാണ് എന്ന മട്ടില്‍ മൗനം പൂണ്ടിരിയ്ക്കുകയാണ് സിനിമയിലെ സംഘടനകള്‍.
അവര്‍ക്കും ഇക്കാര്യത്തില്‍ തുല്യ ഉത്തരവാദിത്വമാണുള്ളത്. സിനിമയിലെ മഹാഭൂരിപക്ഷം പ്രവര്‍ത്തകരെയും തങ്ങളുടെ കുടക്കീഴില് അണിനിരത്തിയിട്ടുള്ള ഈ സംഘടനാ സംവിധാനങ്ങള്‍ ഈ വിഷയത്തില്‍ എടുത്തിരിക്കുന്ന മൗനം അന്യായമാണ്.
സിനിമയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും താല്പര്യങ്ങള്ക്കും വിരുദ്ധമാണത്. സിനിമ നിയമവിധേയമായ ഒരു പ്രവര്‍ത്തന മണ്ഡലമായി മാറ്റിയെടുക്കാന്‍ ഈ സംഘടനകളുടെ നിഷേധാത്മക നിലപാട് ഇന്നൊരു തടസമാണ് . അവരത് മാറ്റിയേ തീരൂവെന്നും ഡബ്ല്യുസിസി കുറ്റപ്പെടുത്തി.