അന്ന് ആടുകളെ വിറ്റ പണം, ഇന്ന് ചായക്കടയിലെ വരുമാനം: വയനാടിന്റെ കണ്ണീരൊപ്പാൻ സുബൈദ ഉമ്മ
Friday, August 2, 2024 3:07 PM IST
കൊല്ലം: ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച വയനായിന് സാന്ത്വനമേകാൻ നാടൊന്നാകെ കൈകോർക്കുകയാണ്. പ്രമുഖരടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി രംഗത്തെത്തി. ഇതിനിടെ വയനാടിന് തന്റെ പങ്കുമായി വീണ്ടും എത്തിയിരിക്കുകയാണ് കൊല്ലം പള്ളിത്തോട്ടം സ്വദേശിനിയായ സുബൈദ ഉമ്മ.
തന്റെ ചായക്കടയിൽ നിന്നും ലഭിച്ച വരുമാനവും പെൻഷനുമടക്കം 10,000 രൂപയാണ് സുബൈദ ഉമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക് നേരിട്ട് തുക കൈമാറുകയായിരുന്നു.
പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയാണ് സുബൈദ ഉമ്മ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. 2018ലെ മഹാപ്രളയ സമയത്ത് തന്റെ ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തയാളാണ് സുബൈദ ഉമ്മ.