ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം
Friday, August 2, 2024 10:39 AM IST
കൊളംബോ: ഇന്ത്യ-ശ്രീലങ്ക മൂന്നു മത്സരങ്ങളുടെ ഏകദിന ക്രിക്കറ്റ് മത്സരങ്ങൾക്ക് ഇന്നു തുടക്കമാകും. ഗൗതം ഗംഭീർ പരിശീലകനായി ചുമതല ഏറ്റെടുത്തതിന് ശേഷം ടീം ഇന്ത്യ കളിക്കുന്ന ആദ്യ ഏകദിന പരമ്പരയാണിത്.
ട്വന്റി 20 ലോകകപ്പ് നേടിയശേഷം ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്ലിയും ഇറങ്ങുന്ന മത്സരം കൂടിയാണ്.
ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്കുശേഷം ഇവരും ഒരുമിച്ചിറങ്ങുന്ന മത്സരംകൂടിയാകും. വിക്കറ്റ്കീപ്പർമാരായ കെ.എൽ. രാഹുലിനും ഋഷഭ് പന്തിനും ഈ പരന്പര നിർണായകമാണ്. അതേസമയം ജസ്പ്രിത് ബുംറ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നീ താരങ്ങൾ ഇല്ലാതെയാണ് ഇന്ത്യ ഏകദിന പരമ്പരക്ക് ഇറങ്ങുന്നത്.
ട്വന്റി 20 പരന്പരയിൽ സംഭവിച്ച ബാറ്റിംഗ് തകർച്ച ഉണ്ടാകാതിരിക്കാനാകും ശ്രീലങ്ക ശ്രദ്ധ കേന്ദ്രീ കരിക്കുക. പേസർമാരായ മതീഷ പതിരാന, ദിൽഷൻ മധുശങ്ക എന്നിവർ പരിക്കിനെത്തുടർന്ന് ടീമിൽ ഇല്ലാത്തതാണ് ലങ്കയെ വിഷമിപ്പിക്കുന്നത്.
കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയമാണ് ആദ്യമത്സരത്തിനു വേദിയാകുന്നത്. രണ്ടാം ഏകദിനം ഓഗസ്റ്റ് നാലിനും മൂന്നാം ഏകദിനം ഓഗസ്റ്റ് ഏഴിനും നടക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30 നാണ് മൂന്ന് മത്സരങ്ങളും ആരംഭിക്കുക.