വയനാട് ദുരന്തം; അനുശോചനം അറിയിച്ച് അമേരിക്കൻ പ്രസിഡന്റ്
Thursday, August 1, 2024 11:08 PM IST
വാഷിംഗ്ടൺ ഡിസി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.
"ഇന്ത്യയിലെ കേരള സംസ്ഥാനത്തുണ്ടായ മാരകമായ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ എല്ലാവരോടും ജില്ലും ഞാനും ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു'. യുഎസ് പ്രസിഡന്റ് പ്രസ്താവനയിൽ പറഞ്ഞു.
ഞങ്ങളുടെ പ്രാർഥനകൾ ഈ ദാരുണമായ സംഭവത്തിന്റെ ഇരകൾക്കൊപ്പമുണ്ട്, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പം ഞങ്ങൾ ദുഃഖിക്കുന്നു. രക്ഷാപ്രവർത്തനം നടത്തുന്നവരെയും അവരുടെ ധീരതയെയും ഞങ്ങൾ അഭിനന്ദിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം ഞങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പ്പെട്ട മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് തിങ്കളാഴ്ച പുലര്‍ച്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം അനൗദ്യോഗിക കണക്കനുസരിച്ച് 289 ആയി.
മുണ്ടക്കൈയിലും ചൂരൽമലയിലുമായി 240 പേരെയാണ് കണ്ടെത്താനുള്ളത്. കാണാതായവരിൽ 29 കുട്ടികളും ഉൾപ്പെടും. മലവെള്ളപ്പാച്ചിൽ തകർത്ത മുണ്ടക്കൈയിൽ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചു.
മുണ്ടക്കൈയിലും ചൂരൽമലയിലും നടത്തിവന്ന തെരച്ചിൽ താൽകാലികമായി നിർത്തി. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിലാണ് സൈന്യം അടക്കമുള്ളവർ മൂന്നാം ദിനത്തെ തെരച്ചിൽ താൽകാലികമായി അവസാനിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴിന് തെരച്ചിൽ പുനരാരംഭിക്കും.