വീണ്ടും കുതിച്ച് സ്വർണവില; പവന് കൂടിയത് 400 രൂപ
Thursday, August 1, 2024 1:20 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,450 രൂപയിലും പവന് 51,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,340 രൂപയാണ്.
ബുധനാഴ്ച പവന് 640 രൂപ വർധിച്ചിരുന്നു. തിങ്കളാഴ്ച പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതിനു പിന്നാലെ ചൊവ്വാഴ്ച വീണ്ടും താഴേക്കുപോയ സ്വർണവില പവന് 160 രൂപ കുറഞ്ഞിരുന്നു.
സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതോടെ സ്വർണവില ജൂലൈ 23ന് കുത്തനെ കുറഞ്ഞിരുന്നു. പത്ത് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം കഴിഞ്ഞ ശനിയാഴ്ച സ്വർണവില തിരിച്ചുകയറുകയാണുണ്ടായത്.
മേയ് 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില പിന്നീട് ജൂണിൽ ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തുകയും പിന്നീട് വീണ്ടും 53,000 രൂപ കടക്കുകയുമായിരുന്നു.
പവന് 53,000 രൂപ എന്ന നിരക്കിലാണ് ജൂലൈ ആദ്യം സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ആറിന് 54,120 രൂപയിലെത്തിയ സ്വർണം മാസത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും നിന്ന സ്വർണവില പത്തിന് 53,680 രൂപയിലേക്കെത്തി. തുടർന്ന് 12ന് വീണ്ടും 54,000 കടന്ന സ്വർണമാണ് ഒരാഴ്ച കൊണ്ട് 51,000 രൂപയിൽ താഴെയെത്തിയത്.
അതേസമയം, ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്.