നായയുടെ മുഖത്ത് ആസിഡ് ഒഴിച്ചു, കാഴ്ച ശക്തി നഷ്ടപ്പെട്ടു; വയോധികന് തടവുശിക്ഷ
Wednesday, July 31, 2024 5:35 AM IST
ന്യൂഡൽഹി: നായയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയും കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്ത സംഭവത്തിൽ വയോധികന് ഒരു വർഷം തടവുശിക്ഷ. 70കാരനെയാണ് ഡൽഹി കോടതി ശിക്ഷിച്ചത്. ഏതൊരു മനുഷ്യനെപോലെയും ഒരു മിണ്ടാപ്രാണിക്കും തന്റെ ജീവൻ പ്രിയപ്പെട്ടതാണെന്ന് പരാമർശിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
കുറ്റകൃത്യം ഗുരുതരവും അസ്ഥി മരവിപ്പിക്കുന്നതാണെന്നും ഇത് കോടതിയുടെ മനസാക്ഷിയെ ഉലച്ചെന്നും ഏതെങ്കിലും തരത്തിലുള്ള ശിക്ഷാ ഇളവ് നൽകുന്നത് സമൂഹത്തിന് പ്രതികൂലമായ സന്ദേശമാണ് നൽകുന്നതെന്നും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിച്ച ശർമ പറഞ്ഞു.
മഹേന്ദ്ര സിംഗ് എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. 2020 ഫെബ്രുവരി ഏഴിന് ഇയാൾ അയൽവാസിയുടെ വളർത്തുനായയുടെ മുഖത്താണ് ആസിഡ് ഒഴിച്ചത്. ഗുരുതര പരിക്കേറ്റ നായയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നു.
പ്രതിയെ വെറുതെ വെട്ടാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് 10,000 രൂപ പിഴയും കോടതി വിധിച്ചു.