വയനാട് ഉരുള്‍പൊട്ടല്‍: കൂടുതല്‍ സംഘത്തെ എത്തിക്കുമെന്ന് റവന്യൂമന്ത്രി
Tuesday, July 30, 2024 8:11 AM IST
മേപ്പാടി: വയനാട് മുണ്ടക്കൈ ഉള്‍പ്പെടെയുള്ള് ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്തേയ്ക്ക് കൂടുതല്‍ ദുരന്തനിവാരണ സംഘത്തെ എത്തിക്കുമെന്ന് റവന്യൂമന്ത്രി മന്ത്രി കെ. രാജന്. സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കരുതെന്നും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. പൊതുജനം ദുരന്ത സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
എത്ര പേര് ഒറ്റപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു. മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. അതേസമയം, കാലാവസ്ഥ പ്രശ്നം കാരണം വയനാട്ടിലേക്കുള്ള മന്ത്രിമാരുടെ ഹെലികോപ്റ്റര്‍ യാത്ര ഒഴിവാക്കി. മന്ത്രിമാരായ കെ. രാജന് മുഹമ്മദ് റിയാസ്, ഒ ആര് കേളു എന്നിവരാണ് വയനാട്ടിലേക്ക് പോകുന്നത്.
വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. മുണ്ടക്കൈയില്‍ പുലര്‍ച്ചെ ഒരു മണിക്കും പിന്നീട് നാലു മണിക്കുമായി രണ്ടു തവണയാണ് ഉരുള്‍പൊട്ടിയത്. അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്.
400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേര് അപകടത്തില്‍പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.