ശുചിമുറി തകരാറിൽ; നവകേരള ബസ് വീണ്ടും സര്‍വീസ് നിർത്തി
Monday, July 29, 2024 1:45 PM IST
കോഴിക്കോട്: നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഉപയോഗിച്ച ആഡംബര ബസിന്റെ സർവീസ് വീണ്ടും നിര്‍ത്തി. ശുചിമുറി തകരാറിലായതിനാൽ ബസ് കോഴിക്കോട് റീജണൽ വർക്ക്ഷോപ്പിലാണെന്നാണ് വിശദീകരണം. ഇന്ന് രാവിലെയും ബസ് സര്‍വീസ് നടത്തിയില്ല.
കോഴിക്കോട് -ബംഗളൂരു റൂട്ടിലായിരുന്നു ബസ് സര്‍വീസ് നടത്തിയിരുന്നത്. ബസ് എന്ന് പുറത്തിറക്കും എന്ന കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും ഒരു വിശദീകരണവുമില്ല. സര്‍വീസ് നിര്‍ത്തിയതോടെ വലിയ രീതിയിലുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇങ്ങനെയെങ്കില്‍ മ്യൂസിയം തന്നെ ശരണം തുടങ്ങിയ കമന്റുകളാണ് വരുന്നത്.
യാത്രക്കാർ ഇല്ലാത്തതിനാൽ ഇതിനു മുന്‍പും സർവീസ് നിര്‍ത്തിവച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് ആയതിനാല്‍ യാത്രക്കാർ ഇടിച്ചു കയറുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. ആദ്യത്തെ ഏതാനും ദിവസങ്ങളിൽ ബസിന്റെ ബുക്കിംഗിന് നല്ല തിരക്കായിരുന്നു. പിന്നീട് യാത്രക്കാർക്ക് നവകേരള ബസിനോടു താത്പര്യം കുറഞ്ഞു. 10 യാത്രക്കാരുമായി വരെ നവകേരള ബസ് ബംഗളൂരുവിലേക്കു സർവീസ് നടത്തിയ ദിവസങ്ങളുണ്ടായിരുന്നു.
തുടര്‍ന്ന് ഈ മാസം ആദ്യം മൂന്നുദിവസങ്ങളില്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തി. അതിനുശേഷം സര്‍വീസ് പുനഃരാരംഭിച്ചു. ദിനംപ്രതി നാല്‍പ്പതിനായിരം രൂപയെങ്കിലും വരുമാനമില്ലാതെ സര്‍വീസ് നടത്തുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. മിക്ക ദിവസങ്ങളിലും ഇത് ഉണ്ടാകാറില്ല.
ഇതിനിടയ്ക്ക് അറ്റകുറ്റ പ്രവൃത്തിയും കൂടിയാകുമ്പോള്‍ നഷ്ടക്കണക്ക് കൂടും. രാവിലെ നാലരയ്ക്ക് കോഴിക്കോട്ട് നിന്നു ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ബസ് അവിടെനിന്ന് തിരിച്ച് ഉച്ചയ്ക്ക് ശേഷം 2.30ന് കോഴിക്കോട്ടേക്കുമാണ് സര്‍വീസ് നടത്തിയിരുന്നത്.1,256 രൂപയാണ് ഓണ്‍ലൈനായി ബുക്ക് ചെയ്താലുള്ള നിരക്ക്. കൂടിയ നിരക്കും അശാസ്ത്രീയ സമയക്രമീകരണവുമാണ് ബസില്‍ ആളുകള്‍ കയറാതിരിക്കുന്നതിനുള്ള കാരണമായി ജിവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.