സ്കൂളിൽ വിദ്യാർഥികളുടെ മുടിമുറിച്ചു; സർക്കാർ സ്കൂൾ അധ്യാപികയ്ക്ക് സസ്പെൻഷൻ
Monday, July 29, 2024 1:43 AM IST
ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയിൽ സർക്കാർ സ്കൂളിൽ വിദ്യാർഥികളുടെ മുടി മുറിച്ച അധ്യാപികയെ സസ്പെൻഡ് ചെയ്തു.
ജില്ലയിലെ കല്ലൂർ മണ്ഡലത്തിൽ ശനിയാഴ്ച നടന്ന സംഭവത്തിൽ ഇംഗ്ലീഷ് അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഞായറാഴ്ച അറിയിച്ചു.
സ്കൂൾ പരിസരത്ത് വച്ച് എട്ട്, ഒൻപത്, 10 ക്ലാസിലെ 15 വിദ്യാർഥികളുടെ മുടി കത്രിക ഉപയോഗിച്ചാണ് അധ്യാപിക മുറിച്ചത്. വിദ്യാർഥികൾ പരാതിപ്പെട്ടതോടെ അധ്യാപികയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ സ്കൂളിന് മുന്നിൽ പ്രതിഷേധ സമരം നടത്തിയിരുന്നു.
"മുടിവെട്ടൽ അധ്യാപകരുടെ ജോലിയല്ല. വിദ്യാർഥികൾ പഠനത്തിന് പുറകോട്ട് ആണെങ്കിലോ, അവർ അച്ചടക്കമില്ലാത്തവരോ ആണെങ്കിൽ, അവൾക്ക് അവരുടെ മാതാപിതാക്കളെ അറിയിക്കാമായിരുന്നു, വിദ്യാർഥികളുടെ മുടി വെട്ടരുതായിരുന്നുവെന്ന്' ഉദ്യോഗസ്ഥൻ പറഞ്ഞു.