കോച്ചിംഗ് സെന്ററില്‍ വെള്ളംകയറിയുള്ള ദുരന്തം; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍
Sunday, July 28, 2024 10:04 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സിവിൽ സർവീസ് കോച്ചിംഗ് സെന്ററില്‍ വെള്ളം കയറിയതിനെ തുടർന്ന് മൂന്ന് പേർ മുങ്ങിമരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ച ആരോപിച്ച് പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍.
കോച്ചിംഗ് സെന്ററിന് സമീപം പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഇവിടേക്ക് മാര്‍ച്ച് നടത്താനുള്ള വിദ്യാര്‍ഥികളുടെ ശ്രമം പോലീസ് തടഞ്ഞു.
ഇതിനിടെ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.
ഡൽഹി ഓൾഡ് രാജീന്ദ്ര നഗറിലെ സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിലാണ് വെള്ളം കയറി മലയാളി അടക്കം മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചത്. എറണാകുളം സ്വദേശി നവീന്‍ ഡാല്വിന് ഉൾപ്പെടെ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്.
കനത്ത മഴയില്‍ സ്ഥാപനത്തിന്റെ മുന്നിലെ റോഡിൽ മുഴുവൻ വെള്ളം നിറഞ്ഞിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു.