സംവരണം തടസപ്പെടുത്താൻ ശ്രമിച്ചാൽ രാഷ്ട്രീയം ഉപേക്ഷിക്കും: പ്രഫുൽ പട്ടേൽ
Sunday, July 28, 2024 1:12 AM IST
മുംബൈ: സംവരണം അട്ടിമറിക്കാൻ ശ്രമിച്ചാൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് എൻസിപി അജിത് പവാർ വിഭാഗം നേതാവ് പ്രഫുൽ പട്ടേൽ. ഡോ.ബി.ആർ. അംബേദ്കർ നമ്മുടെ ഭരണഘടനയിൽ സംവരണം ഉറപ്പു നൽകിയിട്ടുണ്ട്.
ആർക്കും അതിനെ മാറ്റാൻ കഴിയില്ല. മഹാരാഷട്രയിലെ വിദർഭയിലെ ഗോണ്ടിയായിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഭരണഘടന മാറ്റുമെന്നും സംവരണം അവസാനിപ്പിക്കുമെന്നുമുള്ള വ്യാജപ്രചാരണം ചിലർ നടത്തിയിരുന്നു.
മറാഠാ സമുദായത്തിന് പത്തു ശതമാനം സംവരണം നൽകുന്ന നിയമനിർമാണം സർക്കാർ ഇതിനകം നടത്തിക്കഴിഞ്ഞു. കോൺഗ്രസും മറ്റെല്ലാ പാർട്ടികളും വർഷങ്ങളായി അധികാരത്തിലുണ്ടെങ്കിലും അവർ ഇതിന് ശ്രമിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.