മാലിന്യമുക്ത കേരളം: വൻ കാമ്പയിനുമായി സർക്കാർ; യോജിച്ച് സർക്കാരും പ്രതിപക്ഷവും
Saturday, July 27, 2024 8:28 PM IST
തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന് സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് സര്‍വകക്ഷിയോഗത്തിന്റെ പൂര്‍ണപിന്തുണ. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാര്‍ച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടിയാണ് സംഘടിപ്പിക്കുന്നത്.
കാമ്പയിനിന്റെ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനാണ് സര്‍വകക്ഷിയോഗം വിളിച്ചത്. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കും, നിരോധിത പ്ലാസ്റ്റിക് വരുന്നത് തടയാൻ അതിർത്തികളിൽ ഹരിത ചെക് പോസ്റ്റുകൾ സ്ഥാപിക്കും, പഞ്ചായത്തുകളിൽ ശുചിത്വ പദയാത്രകൾ നടത്തും, 2025 മാർച്ച് 30 നു സമ്പൂർണ ശുചിത്വ കേരളം പ്രഖ്യാപിക്കും തുടങ്ങിയവയാണ് സർക്കാരിന്റെ ലക്ഷ്യങ്ങൾ.
മാലിന്യത്തിന്റെ അളവ് കുറക്കല്‍, കൃത്യമായി തരംതിരിക്കല്‍, ജൈവ മാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തില്‍ സംസ്കരിക്കല്, അജൈവ പാഴ് വസ്തുക്കള്‍ ഹരിതകര്മസേനകള് വഴി കൈമാറല്‍ മുതലായ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ നടത്തും.
കക്കൂസ് മാലിന്യ സംസ്ക്കരണത്തിന് ആവശ്യമായ പ്ലാന്റുകള്‍ സ്ഥാപിക്കണം. ജലസ്രോതസും നീര്‍ച്ചാലുകളും ശുദ്ധീകരിക്കണം. ശാസ്ത്രീയമായ രീതിയില്‍ ലാന്റ് ഫില്ലുകള് ആരംഭിക്കാനാകണം. കൂട്ടായ ഇടപെടലിലൂടെ പൊതുബോധം ഉണ്ടാക്കാനാകണം.
പാഴ് വസ്തു ശേഖരണം, ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍, ശേഖരിച്ചവ സംഭരിക്കല്, പാഴ് വസ്തുക്കള്‍ നീക്കം ചെയ്യല്‍, സാനിറ്ററി മാലിന്യ സംസ്കരണം, പുനരുപയോഗം സാധ്യമല്ലാത്ത മാലിന്യങ്ങളുടെ സംസ്കരണം, ലെഗസി മാലിന്യം നീക്കം ചെയ്യല്‍, ഗാര്‍ബേജ് വള്‍നറബിള്‍ പോയിന്റുകള്‍ നീക്കം ചെയ്യല്‍, സംരംഭകത്വവികസനം, ജൈവമാലിന്യ സംസ്കരണം, എന്‍ഫോഴ്സ്മെന്റ്, വിവിധ വകുപ്പുകളുമായുള്ള ഏകോപനം എന്നിവയില്‍ വിടവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സമ്പൂര്‍ണ മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തിയ ടൗണുകള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍, പാര്‍ക്കുകള്‍, മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടെത്തുന്ന വിടവുകള്‍ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി ഘട്ടംഘട്ടമായി നടപ്പിലാക്കും.
ജനകീയ വിജിലന്‍സ് സ്ക്വാഡുകള്‍, പോലീസ് വകുപ്പിന്റെ സഹായത്തോടെയുള്ള എന്‍ഫോഴ്സ്മെന്റ് നടപടികള്‍, ശുചിത്വം-ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളുടെ പരിശോധനകള്‍ എന്നിവ കാര്യക്ഷമമാക്കും. കാമ്പയിനിന്റെ ഭാഗമായി ആവശ്യമായ ഇടങ്ങളില്‍ നിര്‍മിത ബുദ്ധി അധിഷ്ഠിതമായ കാമറകള്‍ സ്ഥാപിക്കും.
സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാര്‍, സ്റ്റോക്കിസ്റ്റുകള്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളും.
പ്ലാസ്റ്റിക് പദാര്‍ഥങ്ങളുടെ ഉപഭോഗം പരമാവധി കുറക്കുന്നതിന് ആവശ്യമായ ബോധവല്‍ക്കരണം സംഘടിപ്പിക്കും. മത - സാമൂദായിക - രാഷ്ട്രീയ - യുവജന - വിദ്യര്‍ത്ഥി - മഹിള - സാംസ്കാരിക സംഘടനകളുടേതുള്‍പ്പെടെ എല്ലാ പൊതുപരിപാടികളും ഹരിത നിയമാവലി പൂര്‍ണാമായും പാലിച്ച് നടത്തണം. ഇതിന് എല്ലാവരുടെയും സഹകരണം മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി അധ്യക്ഷനും പ്രതിപക്ഷ നേതാവ്, തദ്ദേശ സ്വയംഭരണ, ജലവിഭവ, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ, ആരോഗ്യ, പൊതുമരാമത്ത് ടൂറിസം, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് എന്നിവര്‍ ഉപാദ്ധ്യക്ഷന്മാരും ചീഫ് സെക്രട്ടറി കണ്‍വീനറുമായ ഉന്നതതല നിര്‍വഹണ സമിതി രൂപികരിക്കും.
ഈ സമിതിയില്‍ മന്ത്രിമാര്‍, ചീഫ് വിപ്പ്, വകുപ്പ്തല മേധാവികള്‍, ഉദ്യേഗസ്ഥ നേതൃത്വം, റസിഡന്‍സ് അസോസിയേഷന്, യുവജന, വിദ്യാര്‍ത്ഥി, വനിതാ, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാകും.