സംസാരിക്കുന്നതിനിടെ മൈക്ക് ഓഫാക്കി; നീതി ആയോഗ് യോഗത്തിൽ നിന്നും മമത ഇറങ്ങിപ്പോയി
Saturday, July 27, 2024 1:12 PM IST
ന്യൂഡൽഹി: സംസാരിക്കുന്നതിനിടെ മൈക്ക് ഓഫാക്കിയതിനെ തുടർന്ന് നീതി ആയോഗ് യോഗത്തിൽ നിന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇറങ്ങിപ്പോയി. അഞ്ച് മിനിറ്റ് മാത്രമാണ് തന്നെ സംസാരിക്കാൻ അനുവദിച്ചതെന്ന് മമത പ്രതികരിച്ചു.
കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളെ വേർതിരിച്ച് കാണരുതെന്ന് താൻ യോഗത്തിൽ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ പറയണമെന്ന് തനിക്കുണ്ടായിരുന്നു. എന്നാൽ, അഞ്ച് മിനിറ്റ് മാത്രമാണ് സംസാരിക്കാൻ അനുവദിച്ചത്. ഇതിനിടെ മൈക്ക് ഓഫ് ചെയ്തു.
പ്രതിപക്ഷത്ത് നിന്ന് താൻ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. എന്നിട്ട് പോലും തന്നെ സംസാരിക്കാൻ അനുവദിച്ചില്ല. ഇത് അപമാനിക്കുന്നതിന് തുല്യമാണെന്നും മമത പറഞ്ഞു.
നീതി ആയോഗ് സംവിധാനം രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി മാത്രമുള്ളതാണെന്നും ഇത് പിരിച്ചുവിടണമെന്നും മമത വിമർശിച്ചു. പകരം ആസൂത്രണ കമ്മീഷൻ തിരിച്ച് കൊണ്ടുവരണമെന്നും മമത കൂട്ടിച്ചേർത്തു.
ബജറ്റ് വിവേചനപരമാണെന്നാരോപിച്ച് ഇന്ത്യാ മുന്നണിയുടെ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ യോഗത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ യോഗത്തിൽ പങ്കെടുക്കുമെന്നും പ്രതിപക്ഷ സംസ്ഥാനങ്ങൾ അനുഭവിക്കുന്ന വിവേചനം ചൂണ്ടിക്കാട്ടുമെന്നായിരുന്നു മമതയുടെ നിലപാട്.