പാരീസ് ഒളിമ്പിക്സ്: ദീപം തെളിച്ച് ടെഡി റൈനറും മറീ ജോസെ പെരക്കും
Saturday, July 27, 2024 5:04 AM IST
പാരീസ്: പാരീസ് ഒളിമ്പിക്സിന് വര്‍ണാഭമായ തുടക്കം. ഫ്രഞ്ച് ജൂഡോ ഇതിഹാസം ടെഡി റൈനറും അത്ലറ്റ് മറീ ജോസെ പെരക്കും ആണ് ദിപം തെളിച്ചത്. സെറീന വില്യംസ്, നദാല്‍, കാള്‍ ലൂയിസ്, നദിയ കൊമനേച്ചി, സിദാന് എന്നിവരും ദീപശിഖയേന്തി.
ഒളിമ്പിക്സ് ജൂഡോയില്‍ തുടര്‍ച്ചയായ മൂന്ന് തവണ സ്വര്‍ണം നേടിയ താരമാണ് ടെഡി റൈനര്‍. മൂന്ന് തവണ ഫ്രാന്സിനായ സ്വര്‍ണം നേടിയ അത്ലറ്റാണ് മറീ ജോയെ പെരെക്. ഉദ്ഘാടന ചടങ്ങ് നാല് മണിക്കൂര്‍ നീണ്ടു. മത്സരവേദിക്ക് പുറത്ത് ഉദ്ഘാടന ചടങ്ങ് നടന്നത് ചരിത്രത്തിലാദ്യം.
ഒരു മിനിറ്റിലധികം നീണ്ടുനിന്ന ആമുഖ വീഡിയോ പ്രദർശനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ആമുഖ വീഡിയോയ്ക്ക് ശേഷം ഓരോ രാജ്യങ്ങളുടെയും താരങ്ങളുമായി മാർച്ച് പാസ്റ്റ് ആരംഭിച്ചു. ഗ്രീസ് താരങ്ങളുടെ വരവോടെയാണ് മാർച്ച് പാസ്റ്റിന് തുടക്കമിട്ടത്.
പിന്നാലെ ദക്ഷിണാഫ്രിക്ക, അങ്കോള, അർജന്റീന, ബഹ്റൈൻ എന്നീ രാജ്യങ്ങളുടെ താരങ്ങളും എത്തി. ഹോണ്ടുറാസിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളെയും വഹിച്ച് കൊണ്ടുള്ള ബോട്ട് സെയ്ന് നദിയിലൂടെ കടന്നുപോയി.
പി.വി. സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്. 12 വിഭാഗങ്ങളില്‍ നിന്നായി 78 പേരാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.