വൻ വീഴ്ചകൾ തുടരുന്നു; പവന് കുറഞ്ഞത് 800 രൂപ, 51,000 രൂപയിൽ താഴെ
Friday, July 26, 2024 2:12 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. രാവിലെ അനക്കമില്ലാതെ നിന്ന സ്വർണവില ഉച്ചയായപ്പോൾ വീണ്ടും താഴേക്ക് പോകുകയായിരുന്നു. പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 50,400 രൂപയിലും ഗ്രാമിന് 6,300 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,230 രൂപയാണ്.
ഇന്ന് രാവിലത്തെ വിലനിർണയ യോഗത്തിൽ നിരക്ക് മാറ്റം വേണ്ടെന്ന് തീരുമാനിച്ച കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ 11 മണിയോടെയാണ് വില കുറയ്ക്കാൻ തീരുമാനമെടുത്തത്.
കഴിഞ്ഞ ഒരാഴ്ചയായി താഴോട്ടുപോയ സ്വർണം ചൊവ്വാഴ്ച രണ്ടു തവണകളായി പവന് 2,200 രൂപ താഴ്ന്നിരുന്നു. തുടർന്ന് ബുധനാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷം വ്യാഴാഴ്ച വീണ്ടും 760 രൂപ ഇടിയുകയായിരുന്നു.
ചൊവ്വാഴ്ച ബജറ്റ് പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് സ്വര്‍ണവില ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. എന്നാൽ, ബജറ്റില്‍ സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തില്‍നിന്ന് ആറു ശതമാനമാക്കി കുറച്ച പ്രഖ്യാപനം ഉണ്ടായി മണിക്കൂറുകൾക്കകം പവന് 2,000 രൂപയുടെ ഇടിവാണുണ്ടായത്. സ്വർണം ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയുമാണു കുറഞ്ഞത്.
ബജറ്റിനു ശേഷം ഇതുവരെ സ്വർണം പവന് കുറഞ്ഞത് 3,560 രൂപയാണ്. കഴിഞ്ഞ എട്ടുദിവസംകൊണ്ട് പവന് 4,600 രൂപയാണ് കുറഞ്ഞത്. നിലവിൽ നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില.
മേയ് 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില പിന്നീട് കഴിഞ്ഞ മാസം ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തുകയും പിന്നീട് വീണ്ടും 53,000 രൂപ കടക്കുകയുമായിരുന്നു.
പവന് 53,000 രൂപ എന്ന നിരക്കിലാണ് ഈമാസം ആദ്യം സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ആറിന് 54,120 രൂപയിലെത്തിയ സ്വർണം മാസത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും നിന്ന സ്വർണവില പത്തിന് 53,680 രൂപയിലേക്കെത്തി. തുടർന്ന് 12ന് വീണ്ടും 54,000 കടന്ന സ്വർണമാണ് ഒരാഴ്ച കൊണ്ട് 51,000 രൂപയിൽ താഴെയെത്തിയത്.
ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,372.56 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് നിലവിൽ വെള്ളി വിലയിൽ മാറ്റമില്ല. വെള്ളി ഗ്രാമിന് 88.90 രൂപയാണ്. എട്ടുഗ്രാം വെള്ളിക്ക് 711.20 രൂപയിലും കിലോയ്ക്ക് 88,900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.