ആമയിഴഞ്ചാന്‍ ദുരന്തം: എന്തു ചെയ്തെന്ന് ഹൈക്കോടതി, കർശന നടപടി തുടങ്ങിയെന്ന് നഗരസഭ
Friday, July 26, 2024 1:57 PM IST
കൊച്ചി: തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് നഗരസഭ. കര്‍ശന പരിശോധന തുടരുന്നുവെന്നും തോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി തുടങ്ങിയെന്നും നഗരസഭ ഹൈക്കോടതിയെ അറിയിച്ചു.
ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എഐ ക്യാമറകള്‍ സ്ഥാപിക്കും. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ രാത്രികാല സ്ക്വാഡ് പ്രവർത്തനം തുടങ്ങിയെന്നും നഗരസഭാ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു.
ജൂലൈ 18 മുതല്‍ 23 വരെ 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1.42 ലക്ഷം രൂപ പിഴയീടാക്കി. 65 പേര്‍ക്ക് നോട്ടീസ് നല്കി. തോട്ടിലേക്ക് മാലിന്യം ഒഴുക്കിയ ഒരു സ്ഥാപനം അടച്ചുപൂട്ടിയെന്നും മറ്റൊരു സ്ഥാപനത്തിനെതിരെ പ്രോസിക്യൂഷന് നടപടി തുടങ്ങിയെന്നും നഗരസഭയുടെ റിപ്പോര്‍ട്ടിലുണ്ട്.
ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജിയാണ് ജസ്റ്റീസുമാരായ ബെച്ചു കുര്യന് തോമസ്, പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇന്ന് വീണ്ടും പരിഗണിച്ചത്. അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് ഇന്ന് അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.