കാർഗിലിൽ വീരമൃത്യുവരിച്ച സൈനികർ അമരത്വം നേടിയവർ: പ്രധാനമന്ത്രി
Friday, July 26, 2024 11:20 AM IST
ശ്രീനഗർ: കാർഗിലിൽ വീരമൃത്യുവരിച്ച സൈനികർ അമരത്വം നേടിയവരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരോ സൈനികന്റെയും ത്യാഗം രാജ്യം ഓര്‍ക്കുന്നുവെന്നും മോദി പറഞ്ഞു. കാര്‍ഗില്‍ യുദ്ധവിജത്തിന്റെ 25-ാം വാര്‍ഷിക ദിനത്തില്‍ ദ്രാസിലെ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കാര്‍ഗിലിലേത് കേവലം യുദ്ധവിജയം മാത്രമല്ല, പാക്കിസ്ഥാന്റെ ചതിക്കെതിരായ ജയമാണെന്നും മോദി പറഞ്ഞു. കാര്‍ഗില്‍ വെറും വിജയദിവസമല്ല സത്യത്തിന്റെ വിജയദിവസമാണ്. സത്യത്തിന് മുന്നില്‍ ഭീകരവാദം തകര്‍ന്നു.
പാക്കിസ്ഥാന് ഭീകരവാദം ഉപയോഗിച്ച് രാജ്യത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്. അവരോട് ഒരുകാര്യം തീര്‍ത്തു പറയുകയാണ്. ഭീകരവാദം കൊണ്ട് ഒരിക്കലും വിജയിക്കാനാകില്ലെന്നും ഇന്ത്യന്‍ സൈന്യം അത് പൂര്‍ണമായും അടിച്ചമര്‍ത്തുമെന്നും മോദി പറഞ്ഞു.
അഗ്നിപഥ് പദ്ധതി സേനയെ യുവത്വവത്കരിക്കാനാണെന്നും മോദി പറഞ്ഞു. എന്നാൽ ചിലർ ഇതിനെ തങ്ങളുടെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചു. ദേശീയ സുരക്ഷയെ രാഷ്ട്രീയത്തിനായി ഉപയോഗിക്കരുതെന്നും മോദി കൂട്ടിച്ചേർത്തു.