വഴിനീളെ ഹോൺ മുഴക്കി; ബസ് ഡ്രൈവർക്ക് രണ്ട് മണിക്കൂർ ആർടിഒയുടെ സ്റ്റഡി ക്ലാസ്
Friday, July 26, 2024 10:30 AM IST
കൊച്ചി: വഴിനീളെ ഹോൺ മുഴക്കി ശല്യമുണ്ടാക്കിയ ബസ് ഡ്രൈവർക്ക് രണ്ട് മണിക്കൂർ ആർടിഒയുടെ സ്റ്റഡി ക്ലാസ്. എലൂർ- മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഹോൺ മുഴക്കിയെത്തി ആർടിഒയുടെ മുൻപിൽ കുടുങ്ങിയത്.
ഡ്രൈവറെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ആർടിഒ രണ്ട് മണിക്കൂർ നിന്ന നിൽപ്പിൽ നിർത്തി ഗതാഗത നിയമ പുസ്തകം വായിപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ഏലൂർ ഫാക്ട് ജംഗ്ഷനിനു സമീപം ആർടിഒ കെ. മനോജിന്റെ കാറിന് പിന്നിലൂടെ അമിത ശബ്ദത്തിൽ തുടരെ ഹോൺ മുഴക്കി ബസ് വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അടുത്ത സ്റ്റോപ്പിൽ ആർടിഒ ബസ് തടയുകയായിരുന്നു.
ട്രിപ് അവസാനിച്ച ശേഷം ഡ്രൈവറോട് ആർടി ഓഫീസിലെത്താൻ നിർദേശിച്ചു. ഡ്രൈവർ മഞ്ഞുമ്മൽ സ്വദേശിയായ ജിതിൻ വൈകുന്നേരം മൂന്നോടോ ആർടി ഓഫിസിലെത്തി. മലയാളത്തിൽ അച്ചടിച്ച ഗതാഗത നിയമ പുസ്തകം നൽകിക്കൊണ്ട് ചേംബറിന്റെ ഒരു വശത്തേക്ക് മാറി നിന്ന് വായിക്കാൻ നിർദേശിക്കുകയായിരുന്നു.
അഞ്ച് മണിയോടെയാണ് പുസ്തകം വായിച്ച് തീർത്തത്. നിയമം പഠിച്ചെന്ന് ഉറപ്പാക്കാൻ ഏതാനും ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറയിച്ച ശേഷമാണ് വിട്ടയച്ചത്.