വീട്ടിലെ ഭക്ഷണം അനുവദിക്കണം; നടൻ ദർശന്റെ ആവശ്യം തള്ളി കോടതി
Thursday, July 25, 2024 10:34 PM IST
ബംഗുളൂരു: രേണുകാസ്വാമി വധക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കന്നഡ നടൻ ദർശന് വീട്ടിൽ നിന്നും ഭക്ഷണം അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളി. നേരത്തെ, ഇതേ ആവശ്യവുമായി കർണാടക ഹൈക്കോടതിയെ നടൻ സമീപിച്ചിരുന്നുവെങ്കിലും മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.
തുടർന്നാണ് നടൻ ബംഗുളൂരു മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ജയിൽ ഭക്ഷണവുമായി പൊരുത്തപ്പെടാനാകുന്നില്ലെന്നും ശരീരഭാരം കുറയുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് നടൻ കോടതിയെ അറിയിച്ചത്.
അതേസമയം, ദർശന്റെ ഭാര്യ വിജയലക്ഷ്മി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. കേസിൽ ദർശനു നേരെ അനീതിയുണ്ടായിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ സഹായിക്കുമെന്ന് ശിവകുമാർ പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് വിജയലക്ഷ്മി അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്.
മകന്റെ സ്കൂൾ അഡ്മിഷനുമായി ബന്ധപ്പെട്ടാണ് വിജയലക്ഷ്മി തന്നെ കണ്ടതെന്നാണ് ശിവകുമാറിന്റെ വിശദീകരണം. തന്റെ ഉടമസ്ഥതയിലുള്ള സ്കൂളിലായിരുന്നു ദർശന്റെയും വിജയലക്ഷ്മിയുടെയും മകൻ വിനീത് പഠിച്ചിരുന്നത്.
എന്നാൽ പിന്നീട് ഈ കുട്ടിയെ മറ്റൊരു സ്കൂളിലേക്കു മാറ്റി. വീണ്ടും തിരികെ തങ്ങളുടെ സ്കൂളിലേക്ക് കുട്ടിയെ ചേർക്കാൻ സഹായം തേടിയാണ് വിജയലക്ഷ്മി വീട്ടിൽ വന്നത്. സ്കൂൾ പ്രിൻസിപ്പലിനെ കണ്ടിരുന്നെങ്കിലും അവർ പ്രവേശനം നിഷേധിച്ചിരുന്നു. ഇക്കാര്യം പ്രിൻസിപ്പലുമായി സംസാരിക്കാമെന്ന് താൻ അവരോട് പറഞ്ഞെന്നും ശിവകുമാർ പറഞ്ഞു.