ട്രംപിന് വെടിയേറ്റ സംഭവം; ഇന്ത്യയിലെ വിവിഐപികൾക്ക് സുരക്ഷ വർധിപ്പിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം
Thursday, July 25, 2024 11:12 AM IST
ന്യൂഡൽഹി: മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിനെതിരായ വധശ്രമത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ വിവിഐപികൾക്ക് സുരക്ഷാനടപടികൾ വർധിപ്പിക്കാനുള്ള മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ.
ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ഇന്ത്യയിലെ അർദ്ധസൈനിക വിഭാഗങ്ങളുടെ ഡയറക്ടർ ജനറൽമാർക്കും കേന്ദ്രം നിർദേശം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റാലികൾ, റോഡ് ഷോകൾ തുടങ്ങിയ പൊതുപരിപാടികളിൽ ജാഗ്രതയും സംരക്ഷണവും വർധിപ്പിക്കണമെന്നാണ് നിർദേശം.
വിവിധ ലോകനേതാക്കൽക്ക് നേരെയുണ്ടായ ഏഴോളം വധശ്രമങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രമുഖർ പങ്കെടുക്കുന്ന പരിപാടികളുടെ വേദികളിൽ കർശന പ്രവേശന നിയന്ത്രണം വേണമെന്നും ശക്തമായ പരിശോധന വേണമെന്നും നിർദേശത്തിലുണ്ട്. അംഗീകൃത ഉദ്യോഗസ്ഥർ മാത്രമേ വിവിഐപികളുടെ ഇരിപ്പിടത്തിന് അടുത്തുള്ളെന്ന് ഉറപ്പുവരുത്തണം.
അപായ സാഹചര്യങ്ങൾ ഉണ്ടായാൽ വിവിഐപികളെ എത്രയും പെട്ടെന്ന് സുരക്ഷിതമായ സ്ഥലത്തേക്കോ ആശുപത്രിയിലേക്കോ എത്തിക്കണം. ഇതിന് വേണ്ട മോക് ഡ്രില്ലുകളും മറ്റും നടത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.