രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ഭരണം നടത്താനാണങ്കിൽ മോദി ഒറ്റപ്പെടും: എം.കെ. സ്റ്റാലിൻ
Wednesday, July 24, 2024 9:59 PM IST
ചെന്നൈ: രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചാണ് ഭരണം നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ മോദി ഒറ്റപ്പെടുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖ്യകക്ഷികളെ തൃപ്തിപ്പെടുത്തലാണ് മോദിയുടെ ലക്ഷ്യമെങ്കിൽ അതിന് അധികാരം രക്ഷിക്കാനാകും. പക്ഷേ രാജ്യം രക്ഷിക്കാനാവില്ല എന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.
ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാലിന്റെ പ്രതികരണം. ഇന്നലെ തന്നെ ബജറ്റിനെ തള്ളി അദ്ദേഹം രംഗത്തെത്തിയിരുന്നു.
മോദിയുടെ കസേര നിലനിർത്താൻ വേണ്ടിയുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്നായിരുന്നു പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചത്. എൻഡിഎയുടെ സഖ്യ കക്ഷികൾ ഭരിക്കുന്ന ആന്ധ്രയ്ക്കും ബിഹാറിനും ബജറ്റിൽ കൈ നിറയെ പ്രഖ്യാപനങ്ങൾ ലഭിച്ചപ്പോൾ കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ പേര് പോലും പരാമർശിച്ചില്ലെന്ന് വലിയ വിമർശനം ഉയർന്നിരുന്നു.