മൂന്നാർ ഒഴിപ്പിക്കൽ; ബുൾഡോസറുകൾ അയക്കില്ലെന്ന് സർക്കാർ സുപ്രീംകോടതിയിൽ
Wednesday, July 24, 2024 9:35 PM IST
ന്യൂഡൽഹി: മൂന്നാറിലെ ഏലം കുത്തകപാട്ട ഭൂമിയിലെ നിർമാണങ്ങൾ ഒഴിപ്പിക്കാൻ ബുൾഡോസറുകൾ അയക്കില്ലെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയുടെ വനം പരിസ്ഥിതി ബെഞ്ചിന് മുമ്പാകെയാണ് സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
1897 ൽ വന ഭൂമിയായി വിജ്ഞാപനം ചെയ്തതാണ് ഏലം കുത്തകപാട്ട ഭൂമി. 1935 ൽ തിരുവിതാംകൂർ രാജകുടുംബം ഈ ഭൂമി ഏലം കൃഷിക്കായി പാട്ടത്തിന് നൽകി. അതിന് ശേഷം പല മാറ്റങ്ങളും ഈ ഭൂമിയിൽ സംഭവിച്ചു. അതിനാൽ അവിടേക്ക് ഒഴിപ്പിക്കലിന് ബുൾഡോസറുകൾ അയക്കില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.
ഔദ്യോഗിക രേഖകൾ പ്രകാരം മൂന്നാർ, ദേവികുളം, ഉടുമ്പൻചോല, പീരുമേട് എന്നിവിടങ്ങളിലായി 344 ചതുരശ്ര മൈൽ ഏലം കുത്തകപാട്ട ഭൂമി ഉണ്ടെന്നാണ് വൺ എർത്ത് വൺ ലൈഫിന്റെ വാദം. എന്നാൽ ഈ വാദം ശരിയല്ലെന്നാണ് സർക്കാർ നിലപാട്.
അതേസമയം ഏലം കുത്തക പാട്ട ഭൂമിയുടെ വിസ്തീർണം സംബന്ധിച്ച ഫയൽ കൈമാറാൻ വിസമ്മതിച്ച ലാൻഡ് റവന്യു കമ്മീഷണർ എ. കൗശിക്, അഡീഷണൽ സെക്രട്ടറി ടി.ആർ. ജയ്പാൽ എന്നിവരോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സുപ്രീം കോടതി നിർദേശിച്ചു.