അർജുന്റെ ട്രക്ക് പുഴയിൽ; കൈയ്യെത്തും ദൂരെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു
Wednesday, July 24, 2024 7:29 PM IST
ബംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. അർജുന്റെ ട്രക്ക് ഗംഗാവാലി പുഴയിൽ ഉണ്ടെന്ന് വിവരം ലഭിച്ചെങ്കിലും രാത്രി രക്ഷാപ്രവർത്തനം നടത്താൻ സാധിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. ട്രക്ക് കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യമാണുള്ളത്. നിലവിൽ തെരച്ചിലിന് ഉപയോഗിച്ചിരുന്ന യന്ത്രങ്ങൾ സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്.
മഴ ദൗത്യത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിന് തടസം സൃഷ്ടിക്കുന്നുണ്ട്. പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്. രാത്രിയിലടക്കം തെരച്ചിൽ ഊർജിതമാക്കി ട്രക്ക് എത്രയും വേഗം കരയ്ക്ക് എത്തിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാൽ കനത്ത മഴയും കാറ്റും കാരണം നാവികസേന പുഴയിൽനിന്ന് തിരികെ കരയിലേക്ക് മടങ്ങിയിരിക്കുകയാണ്. നേരത്തെ തെരച്ചിൽ രാത്രിയിലും തുടരാൻ തീരുമാനിച്ചിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ മൂലമാണ് രാത്രി രക്ഷാപ്രവർത്തനം നടത്തേണ്ടിതില്ലെന്ന് അധികൃതർ തീരുമാനിച്ചത്.
ഇന്ന് വൈകിട്ടോടെയാണ് അർജുന്റെ ട്രക്ക് ഗംഗാവാലി പുഴയുടെ അടിത്തട്ടിൽ ഉണ്ടെന്ന് കർണാടക റവന്യു മന്ത്രിയും എസ്പിയും സ്ഥിരീകരിച്ചത്. കരയിൽനിന്ന് 40 മീറ്റർ അകലെയാണ് ട്രക്ക് ഉള്ളതെന്നാണ് വിവരം. കരസേനയുടെയും നാവിക സേനയുടെയും അത്യാധുനിക ഉപകരണങ്ങൾ ഒരേ സ്ഥലത്ത് തന്നെ സിഗ്നൽ കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.