തൃശൂരിൽ ഐ.എം. വിജയൻ സ്റ്റേഡിയം ഒരുങ്ങുന്നു
കെ.കെ.അർജുനൻ
Wednesday, July 24, 2024 5:42 PM IST
ലാലൂര്‍ (തൃശൂർ): ലോകം മുഴുവൻ കായിക മാമാങ്കമായ ഒളിമ്പിക്സിന്റെ ലഹരിയിലേക്ക് നീങ്ങുമ്പോൾ തൃശൂരിലെ കായിക പ്രേമികളുടെ സ്വപ്നമായ ലാലൂര്‍ ഐ.എം.വിജയന് സ്റ്റേഡിയത്തിന്റെ നിർമാണം ക്ലൈമാക്സിലേക്ക് അടുക്കുന്നു. ഇന്‍ഡോര്‍ സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സ്പോര്‍ട്സ് കോംപ്ലക്സിന്റെ നിര്‍മാണം ആറു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാന് വ്യക്തമാക്കി.
സ്റ്റേഡിയം പ്രഖ്യപിച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. നിര്‍മാണത്തിന് പ്രധാന തടസമായി നില്ക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ 90 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്തെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള ടെണ്ടര്‍ നടപടികളും പൂർത്തിയായി.
ഐ.എം. വിജയൻ സ്റ്റേഡിയം പൂർത്തിയാകുമ്പോൾ അത് കേരളത്തിലെ ഏറ്റവും മനോഹരവും മികച്ചതുമായ സ്പോർട്സ് കോംപ്ലക്സ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 58 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സ്പോര്‍ട്സ് കോംപ്ലക്സില്‍ സിന്തറ്റിക് ടര്‍ഫ്, ഫുട്ബോള്‍ മൈതാനം, ഹോക്കി സ്റ്റേഡിയം, ഇന്‍ഡോര്‍ സ്റ്റോഡിയം, ടെന്നീസ് കോര്‍ട്ട്, നീന്തല്‍ക്കുളം, മൂന്നു നിലയുള്ള ഗാലറി എന്നിവയെല്ലാം ഉണ്ട്.
ദേശീയ മല്‍സരങ്ങള്‍ നടത്താനുള്ള സൗകര്യങ്ങളോടെയാണ് ഇവയെല്ലാം സജ്ജമാക്കിയിട്ടുള്ളത്. മൈതാനത്ത് സിന്തറ്റിക് മെത്തകള്‍ വിരിച്ചു കഴിഞ്ഞു. ഇനി രണ്ട് ഗാലറികൾ കൂടി പൂർത്തിയാകാനുണ്ട്.