ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ എല്ലാ തയാറെടുപ്പുകളും നടത്തിയിരുന്നു: സജി ചെറിയാൻ
Wednesday, July 24, 2024 5:08 PM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ എല്ലാ തയാറെടുപ്പുകളും നടത്തിയിരുന്നുവെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വ്യക്തിപരമായ ആക്ഷേപം ഒഴിച്ചുള്ള ഭാഗങ്ങൾ കൊടുക്കാനായിരുന്നു തീരുമാനമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ഇക്കാര്യം അംഗീകരിച്ചതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവിടാൻ തയാറെടുപ്പുകൾ നടത്തിയിരുന്നതായി മന്ത്രി പറഞ്ഞു.
ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് താത്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. റിപ്പോർട്ട് പുറത്താകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടുളള ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിലിന്റെ ഹർജിയിലാണ് ഉത്തരവ്. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും ഹൈക്കോടതി തീരുമാനിച്ചു. ജസ്റ്റീസ് പി.എം. മനോജ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.
പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോർട്ടാണിതെന്നും ആളുകളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ലെങ്കിലും പലരിലേക്കും വിരൽ ചൂണ്ടുമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. റിപ്പോർട്ടിൽ പ്രതിസ്ഥാനത്ത് വന്നവരെ കേട്ടിട്ടില്ലെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.
എന്നാൽ പുറത്തു വിടുന്ന റിപ്പോർട്ടിൽ ആരുടെയും സ്വകാര്യതയെ ബാധിക്കുന്ന ഒന്നും തന്നെ ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്വകാര്യതയിലേക്ക് സൂചന നൽകുന്ന വിവരങ്ങൾ പോലും ഒഴിവാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. നീണ്ട വാദത്തിനൊടുവിലാണ് കോടതി ഒരാഴ്ചത്തേക്ക് താത്കാലിക സ്റ്റേ അനുവദിച്ചത്. അടുത്ത മാസം ഒന്നിന് ഹർജി വീണ്ടും പരിഗണിക്കും.